'ചെങ്കൊടി വിട്ട്‌ ഇനിയൊരു രാഷ്‌ട്രീയമില്ല'; സിപിഎം അംഗമാകാനൊരുങ്ങി കെ ടി ജലീൽ

Monday 01 June 2026 11:43 PM IST

മലപ്പുറം: ഇടതുസഹയാത്രികനായ കെ ടി ജലീൽ സിപിഎമ്മിലേക്ക്. പാർട്ടിയിൽ അംഗത്വമെടുക്കാനുള്ള താൽപര്യം മലപ്പുറം ജില്ലാ നേത‌ൃത്തെ അറിയിച്ചിരിക്കുകയാണ് മുൻമന്ത്രികൂടിയായ അദ്ദേഹം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിൽ ഇടതുസ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. ഇനിയങ്ങോട്ട് പാർട്ടിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ജലീൽ.

മുസ്ലിംഗ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടി നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം ലീഗ് വിട്ടത്. തുടർന്നിങ്ങോട്ട് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. 2006 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ കരുത്തനായ സ്ഥാനാർത്ഥിയായ പികെ കുഞ്ഞാലിക്കുട്ടിയെ എൽഡിഎഫ് പിന്തുണയോടെ അടിമറിച്ചു. 2011, 2016, 2021 വർഷങ്ങളിൽ തവനൂർ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രനായാണ് നിയമസഭയിൽ എത്തിയത്. നാല് തവണ എംഎൽഎ ആയിരുന്ന അദ്ദേഹം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസം ഉൾപ്പടെ കൈകാര്യം ചെയ്‌തു. എന്നാൽ, പിന്നീട് ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയായിരുന്നു.

2026 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽനിന്ന് നേരിട്ട പരാജയത്തിനുപിന്നാലെ ജലീൽ വീണ്ടും മുസ്ലീം ലീഗിലേക്ക് മടങ്ങുന്നുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചെങ്കൊടി വിട്ടൊരു രാഷ്‌ട്രീയം ഇനിയില്ലെന്നായിരുന്നു ജലീലിന്റെ പ്രതികരണം. 'ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ട് കുതിക്കും. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. അവസാനംവരെ പഴശിയ്‌ക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും' എന്നായിരുന്നു അന്ന് ജലീൽ വ്യക്തമാക്കിയത്.