'മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയില്ല, എല്ലാത്തിനും ഡിജിറ്റൽ തെളിവുകളുണ്ട്'; പ്രതികരിച്ച് ലക്ഷ്‌മിപ്രിയ

Monday 01 June 2026 12:59 PM IST

കൊച്ചി: നടി അൻസിബ ഹസന്റെ ഗുരുതര ആരോപണങ്ങൾ പൂർണമായും തള്ളി നടി ലക്ഷ്‌മിപ്രിയ. പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു എന്ന അൻസിബയുടെ വാദം വസ്‌തുതാവിരുദ്ധമാണെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ തന്റെ പക്കലുണ്ടെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു. പൊലീസിന് മൊഴി നൽകാൻ പോകുന്നതിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

'എന്റെ കുടുംബജീവിതം തകർക്കുന്ന രീതിയിലുള്ള വാട്‌സാപ്പ് സന്ദേശം അൻസിബ അയച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടിവന്നത്. ഞങ്ങൾ രണ്ടുപേരും സ്റ്റേഷനിലുണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിട്ട് 20 സെക്കൻഡ് മാത്രമാണ്. ഇതെനിക്ക് കൃത്യമായ ബോദ്ധ്യമുണ്ട്. അന്ന് സ്റ്റേഷനിൽ നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ഞാൻ പൊലീസിന് കൈമാറിയിട്ടുമുണ്ട്. അനാവശ്യ സന്ദേശങ്ങളെക്കുറിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകാൻ അൻസിബ തയ്യാറായില്ല.

എന്റെ കുടുംബത്തെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് നിയമനടപടിയുമായി മുന്നോട്ടുപോയത്. ഇതിന് പിന്നിൽ മറ്റ് അജണ്ടകളോ ആരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികൾ തമ്മിലുള്ള ഇത്തരം പ്രശ്‌നങ്ങളിൽ താരസംഘടനയായ അമ്മ ഇടപെടേണ്ട കാര്യമില്ല' - ലക്ഷ്‌മിപ്രിയ പറഞ്ഞു.

അതേസമയം, താൻ അയച്ച സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്‌ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്ന് കാട്ടി അൻസിബ തൃപ്പൂണിത്തുറ വനിതാ എസ്‌ഐ രേഷ്‌മയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ലക്ഷ്‌മിപ്രിയയുടെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നും അൻസിബ ആരോപിച്ചു.