കുടുങ്ങാനുണ്ട് ലഹരി മാഫിയ വൻസ്രാവുകൾ, ഓപ്പറേഷൻ തൂഫാന് ഇന്ന് തുടക്കം

Tuesday 02 June 2026 12:00 AM IST

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലെ ലാബുകളിൽ നിർമ്മിച്ച് കേരളത്തിലേക്ക് രാസലഹരിയൊഴുക്കുന്ന മാഫിയകളെ നയിക്കുന്നത് വൻ സ്രാവുകൾ. യുവാക്കളെയും വിദ്യാർത്ഥികളെയും അടിമകളും അക്രമകാരികളുമാക്കുന്ന ഇവരെയുൾപ്പെടെ പൂട്ടാനുള്ള ഓപ്പറേഷൻ തൂഫാന് ഇന്ന് തുടക്കം. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി രാസലഹരി കിട്ടും. സൗജന്യമായി ലഹരി നൽകിയാണ് വിദ്യാർത്ഥികളെയും മറ്റും ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നത്. ചെറിയ പൊതികളാക്കി ലഹരിവിൽക്കുന്ന ചെറുമീനുകളെയാണ് ഇതുവരെ പിടികൂടിയിരുന്നത്.

കോളേജുകളിലും സ്കൂളുകളിലും പിടിമുറിക്കിയ ലഹരിമാഫിയ, വിദ്യാർത്ഥികളെ കാരിയർമാരും വിൽപ്പനക്കാരുമാക്കിയിരിക്കുകയാണ്. ഈ വിപത്തിന് തടയിടാനാവാതെ വിയർക്കുകയാണ് പൊലീസും എക്സൈസും.

10 വർഷത്തിനിടെ 554.57 കോടിയുടെ രാസലഹരി പിടിച്ചെന്നാണ് ഔദ്യോഗികകണക്ക്. ഇതിന്റെ പലമടങ്ങ് പൊലീസിന്റെയും എക്സൈസിന്റയും കണ്ണുവെട്ടിച്ച് വില്പന നടത്തിയിട്ടുണ്ട്. 48,371 കേസുകളിൽ അരലക്ഷത്തിലേറെ വിദ്യാർത്ഥികളും യുവാക്കളും പ്രതികളായി. എന്നാൽ,

അന്തർസംസ്ഥാന ലഹരിക്കടത്തുകാരും സംഭരിക്കുന്നവരുമെല്ലാം രക്ഷപെടുന്നു. രാസലഹരിയുണ്ടാക്കുന്ന ലാബുകൾ കണ്ടെത്താനും മൊത്തക്കച്ചവടക്കാരെ പിടിക്കാനും കഴിഞ്ഞിട്ടില്ല. ഉറവിടം, കടത്തുകാർ, സംഭരണ- ഉത്പാദന കേന്ദ്രങ്ങൾ എന്നിവയെല്ലാം കണ്ടെത്തി ലഹരിമാഫിയയുടെ വേരറുക്കുകയാണ് ആഭ്യന്തരവകുപ്പിന്റെ പുതുലക്ഷ്യം. അന്യസംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചുള്ള ഓപ്പറേഷനുകളുണ്ടാവും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കും.

വധശിക്ഷ വരെ കിട്ടാം

വാണിജ്യാവശ്യത്തിന് ലഹരിമരുന്ന് കൈവശം വച്ചാൽ വധശിക്ഷവരെ കിട്ടാം. പിടിച്ച ലഹരിയുടെ അളവനുസരിച്ചാണ് ശിക്ഷ. കഞ്ചാവ് കൃഷിക്ക് 10വർഷവും ചെറിയ അളവിൽ കഞ്ചാവ് കടത്തിയാൽ ഒരുവർഷവും വൻതോതിലാണെങ്കിൽ 20വർഷം വരെയും തടവുശിക്ഷയുണ്ട്. മയക്കുമരുന്നുപയോഗിച്ചാലും ഒരുവർഷം തടവുണ്ട്. സ്ഥിരം ലഹരിയിടപാടുകാരെ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസ് ചുമത്തി വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കാം.

ഒരു കേസിലെങ്കിലും ശിക്ഷയനുഭവിച്ചശേഷം പുറത്തിറങ്ങി വീണ്ടും ലഹരിവ്യാപാരവും കടത്തും നടത്തുന്നവർക്ക് ഇരട്ടിശിക്ഷ ലഭിക്കും.

'' ലഹരിമാഫിയയുടെ വേരറുക്കും. ഭാവി തലമുറയ്ക്ക് വേണ്ടിയാണിത്""

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി