നാലുപേർക്ക് പുതുജീവൻ നൽകി അർജുൻ മടങ്ങി, കൊച്ചിയിലെത്തിച്ച ഹൃദയം മലപ്പുറം സ്വദേശിയിൽ മിടിച്ചു തുടങ്ങി

Tuesday 02 June 2026 12:00 AM IST
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അർജുന്റെ അവയവങ്ങൾ കൊണ്ടുപോകുന്നു

കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ വളക്കൈ സ്വദേശിയായ അർജുൻ എന്ന 22കാരന്റെ അവയവങ്ങൾ പുതുജീവൻ നൽകിയത് നാല് പേർക്ക്. ഹൃദയം, വൃക്ക, കരൾ എന്നിവയാണ് ദാനം ചെയ്തത്. കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ച ഹൃദയം മലപ്പുറം സ്വദേശിയായ 48കാരനിൽ മിടിച്ചു തുടങ്ങി. ആസ്റ്റർ മെഡ്‌സിറ്റിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയാണിത്.

മൂന്ന് ദിവസം മുമ്പ് ബൈക്കിൽ ടിപ്പറിടിച്ച് ഗുരുതര പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.കെ.ഗണേശൻ- തങ്കമണി ദമ്പതികളുടെ മകൻ അർജുന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചത്.

സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്. അർജുന്റെ ഹൃദയം കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിൽ ആസ്റ്ററിലെ ഹെലിപ്പാഡിൽ എത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനകം ഓപ്പറേഷൻ തിയേറ്ററിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം തീർത്തും തകരാറിലായ അവസ്ഥയിലാണ് മലപ്പുറം സ്വദേശിയായ 48കാരനെ ആസ്റ്ററിൽ എത്തിച്ചത്. രക്തസമ്മർദ്ദം നിലനിറുത്തുന്ന മരുന്നുകളുടെയും ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. ഹൃദയം മാറ്റിവയ്‌ക്കൽ മാത്രമായിരുന്നു ഏക വഴിയെന്ന് ഡോക്‌ടർമാർ പറഞ്ഞു.

അർജുന്റെ വൃക്കകളിൽ ഒന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്ക് നൽകും. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. അർജുന്റെ സംസ്കാരം ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു. ആര്യയാണ് അർജുന്റെ സഹോദരി.