അട്ടപ്പാടി മധു ആൾക്കൂട്ടക്കൊല: 12 പ്രതികൾക്ക് ജീവപര്യന്തം ഒന്നാം പ്രതിയെ വെറുതേവിട്ടു!

Tuesday 26 May 2026 12:41 AM IST

ഹൈക്കോടതിയുടെ അസാധാരണ വിധി 30 ലക്ഷം മധുവിന്റെ അമ്മയ്ക്ക് നൽകണം

കൊച്ചി: കടയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ മോഷ്ടിച്ചെന്ന പേരിൽ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ (30) അടിച്ചുകൊന്ന കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി വർദ്ധിപ്പിച്ചു. വിവിധ വകുപ്പുകളിൽ മൂന്നു ജീവപര്യന്തമാണ് വിധിച്ചതെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി. ഏഴു വർഷം തടവിനാണ് മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നത്. ഒന്നാം പ്രതി പാക്കുളം മേച്ചേരിൽ ഹുസൈനെ വെറുതേവിട്ടു.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് അസാധാരണ വിധി.

രണ്ടും മൂന്നും പ്രതികളായ മുക്കാലി മരയ്‌ക്കാർ, പൊതുവച്ചോല ഷംസുദീൻ, അഞ്ചു മുതൽ പത്തു വരെ പ്രതികളായ താഴുശേരി രാധാകൃഷ്ണൻ, പൊതുവച്ചോല അബൂബക്കർ, പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ്, തൊട്ടിയിൽ ഉബൈദ്, വിരുത്തിയിൽ നജീബ്, മണ്ണമ്പറ്റ ജെയ്ജുമോൻ, 12 മുതൽ 15 വരെ പ്രതികളായ പുത്തൻപുരക്കൽ സജീവ്, കള്ളമല മുരിക്കട സതീഷ്, ചെരുവിൽ ഹരീഷ് (42), കള്ളമല ബിജു എന്നിവർക്കാണ് ജീവപര്യന്തം തടവ്.

നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയിൽ അബ്ദുൾ കരീം എന്നിവരെ പ്രത്യേക കോടതി വെറുതേവിട്ടത് ശരിവച്ചു. 16-ാം പ്രതി മുനീറിന് വിചാരണക്കോടതി വിധിച്ച മൂന്നുമാസം തടവും 500 രൂപ പിഴയും ശിക്ഷ ഒരു വർഷം തടവും 1000 രൂപ പിഴയുമാക്കി.

പ്രതികൾ മൂന്നു ലക്ഷം രൂപവീതം പിഴ അടയ്ക്കണം. ഇല്ലെങ്കിൽ രണ്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ 30 ലക്ഷം മധുവിന്റെ അമ്മയ്‌ക്കും ബാക്കി നിയമപരമായ അവകാശികൾക്കും നൽകണം.

പട്ടികജാതി-വർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കും. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും, ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും നൽകിയ അപ്പീലുകളാണ് പരിഗണിച്ചത്.

അട്ടപ്പാടി ചിണ്ടക്കി ഊരുകാരനായ മധു 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഒന്നാം പ്രതിക്ക് സംശയ ആനുകൂല്യം ഒന്നാംപ്രതി ഹുസൈന്റെ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി. ഒരു സ്ഥലത്ത് വന്നതുകൊണ്ടു മാത്രം ഐ.പി.സി 149-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താനാവില്ല. ആൾക്കൂട്ടത്തിന്റെ ഉദ്ദേശ്യത്തിൽ പങ്കുണ്ടെന്നോ, അത്തരമൊരു ലക്ഷ്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് തെളിയിക്കേണ്ടതുണ്ട്. കുടുംബപരമായ ആവശ്യത്തിനാണ് മുക്കാലിയിൽ എത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകെട്ടി കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഒന്നാം പ്രതി ഇല്ലായിരുന്നതിനാൽ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.