വിദ്യാർത്ഥികളുടെ പലായനം കുറയ്ക്കും

Saturday 30 May 2026 12:00 PM IST

തിരുവനന്തപുരം: അക്കാഡമിക് പലായനം കുറയ്ക്കാനും പ്രാഗത്ഭ്യമുള്ള വിദ്യാർത്ഥികളെ കേരളത്തിൽ നിലനിറുത്താനും ആഗോള നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. യു.ജി.സി അംഗീകാരമുള്ള ബിരുദങ്ങൾ കേരളത്തിൽ ഏകീകൃതവും സുതാര്യവുമായ രീതിയിൽ അംഗീകരിക്കുന്നെന്ന് ഉറപ്പാക്കും.

വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്താൻ ജവർലാൽ നെഹ്‌റു സയന്റിഫിക് സെന്ററുകൾ സ്ഥാപിക്കും. വിദേശത്തോ അന്യസംസ്ഥാനത്തോ പഠിക്കുന്നവർക്ക് നിശ്ചിത സെമസ്റ്ററുകൾ കേരളത്തിൽ പഠിക്കാൻ കഴിയുന്നതരത്തിൽ ' സെമസ്റ്റർ ഇൻ കേരള" പദ്ധതി നടപ്പാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് അനുസരിച്ച് പ്ലസ്ടു സീറ്റുകൾ കൂട്ടും.

വിദ്യാർത്ഥികളെ വ്യവസായവുമായി ബന്ധിപ്പിക്കുന്ന അപ്രന്റീസ്ഷിപ്പ് എക്സ്‌ചേഞ്ച് പ്രോഗ്രാം വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെയും നവീകരണത്തിന്റെയും ഗവേഷണത്തിന്റെയും യഥാർത്ഥ കേന്ദ്രങ്ങളാക്കും. എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് ബഹുഭാഷാ, തൊഴിൽ സുരക്ഷാ ആരോഗ്യ പരിശീലനം നൽകാൻ എ.ഐ ഇന്റഗ്രേറ്റഡ് വെർച്വൽ ട്രെയിനിംഗ് മാനേജ്മെന്റ് സംവിധാനമൊരുക്കും. ഐ.ടി.ഐകളിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കും.