'നിലവിലെ പ്രശ്‌നങ്ങൾ താരസംഘടനയിൽ ഒതുങ്ങി നിൽക്കുന്നത്,​ സർക്കാർ‌ ഇടപെടേണ്ട സാഹചര്യമില്ല', പ്രതികരിച്ച് മന്ത്രി

Tuesday 26 May 2026 4:54 PM IST

കൊല്ലം: താരസംഘടന 'അമ്മ'യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി പി സി വിഷ്‌ണുനാഥ്. നിലവിലെ പ്രശ്‌നങ്ങൾ സംഘടനയ്‌ക്കുള്ളിൽ നടക്കുന്നതാണെന്നും സർക്കാർ‌ ഇടപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'അമ്മ'യിലെ പ്രശ്‌‌നങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും പരിശോധിച്ച് ഇടപെടൽ നടത്തുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയും വ്യക്തമാക്കി.

'നിലവിൽ താരസംഘടനയിലെ പ്രശ്‌നമായാണ് നമുക്ക് മുന്നിൽ നിൽക്കുന്നത്. സർക്കാരിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് അവരും കരുതുന്നില്ല. ആവശ്യമായ ഘട്ടത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും. പരാതികളൊന്നും ലഭിച്ചിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്.' പി സി വിഷ്‌ണുനാഥ് പറഞ്ഞു.

അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അൻസിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീനാക്കുറുപ്പ് ഭാരവാഹികൾക്ക് പരാതി നൽകിയത്.

പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തർക്കവും അമ്മയെ സാരമായി ബാധിച്ചെന്നാണ് അംഗങ്ങൾ പറയുന്നത്. പ്രവർത്തനങ്ങൾ താളംതെറ്റിയെന്നും യോഗതീരുമാനങ്ങൾ പോലും അംഗങ്ങളെ അറിയിക്കാറില്ലെന്നും താരങ്ങൾ വിമർശനം നടത്തിയിരുന്നു.