നന്ദനം വീട്ടിൽ പാട്ടാണ് പ്രാണൻ
ആലപ്പുഴ: ആലപ്പുഴ ചന്ദനക്കാവിലെ നന്ദനം വീട്ടിലുള്ളവർക്ക് പാട്ടാണ് പ്രാണൻ. ഗാനം രചിക്കും, ഈണം പകരും, പാടുകയും ചെയ്യും.
ഗൃഹനാഥൻ റിട്ട. അസിസ്റ്റന്റ് ബാങ്ക് മാനേജർ ലക്ഷ്മണ പ്രഭു മുതൽ രണ്ടാം ക്ലാസുകാരി സാൻവിക വരെ എത്തി നിൽക്കുകയാണ് പാട്ടിന്റെ തലമുറ.
ലക്ഷ്മണ പ്രഭുവിന്റെ മൂത്തമകൻ അസി.ബാങ്ക് മാനേജരും സംഗീത സംവിധായകനുമായ ശ്രീനേഷ് എൽ.പ്രഭു ഇരുപത്തിരണ്ട് ആൽബങ്ങൾ പുറത്തിറക്കി.
ഭാര്യ ഡെപ്യൂട്ടി ബാങ്ക് മാനേജർ സ്നേഹപ്രഭയും അനുജൻ അസി.ബാങ്ക് മാനേജർ ഗണേഷ് പ്രഭുവിന്റെ ഭാര്യ ഐ.ടി ഉദ്യോഗസ്ഥയായ വിദ്യയുമാണ് പ്രധാന ഗായകർ. ഗണേഷ് പ്രഭുവിന് ഗിറ്റാറിലാണ് വൈദഗ്ദ്ധ്യം. ശ്രീനേഷിന്റെയും സ്നേഹപ്രഭയുടെയും മകളാണ് ഗായികയായ സാൻവിക.
ഇവർക്കെല്ലാം മാർഗദർശിയായ ലക്ഷ്മണപ്രഭു 73ാം വയസിൽ മൃദംഗ വാദനം വീണ്ടും തുടങ്ങി. ഭാര്യ ജയശ്രീ വിവാഹശേഷം മുടങ്ങിയ സംഗീത പഠനത്തിലേക്ക് വീണ്ടും കടന്നത് 64ാം വയസിൽ.
കുടുംബാംഗങ്ങളെല്ലാം ചേർന്നൊരു ആൽബമാണ് സ്വപ്നം. പാട്ടും ഈണവും സജ്ജമാണ്. ആറ് മാസത്തിനകം ആൽബത്തിന്റെ പോസ്റ്റർ എ.ആർ.റഹ്മാനെകൊണ്ടു റിലീസ് ചെയ്യിക്കാനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണ്.
അമ്മ ജയശ്രീയും, മക്കളും മരുമക്കളും, കൊച്ചുമക്കളായ സാൻവികയും, സാത്വികയും സംഗീത വിദ്യാർത്ഥികളാണ്. തിരുവമ്പാടി ശ്രീകുമാറിന് കീഴിലാണ് പഠനം. ശ്രീനേഷും, സ്നേഹപ്രഭയും, വിദ്യയും വയലിനും, ഗണേഷ് ഗിറ്റാറും പഠിക്കുന്നുണ്ട്.
ആൽബങ്ങൾ ഹരമായി
2018ലെ പ്രളയത്തെ മലയാളികൾ അതിജീവിച്ചതിനെ ആധാരമാക്കിയായിരുന്നു ശ്രീനേഷിന്റെ 'വിസ്മയ കേരളം' എന്ന ആദ്യ ആൽബം. അച്ഛന്റെ സപ്തതി ദിനത്തിൽ പുറത്തിറത്തിയ 'ആപ്പ', മാതൃദിനത്തിലെ 'അമ്മ ഓഷ്യൻ ഒഫ് ലവ്', വനനശീകരണത്തിനെതിരായ 'ഹത കുഞ്ചര', കൊവിഡ് കാലത്തിറക്കിയ 'അര മതിലിലെ കൂനനുറുമ്പ്' തുടങ്ങിയവയാണ് ശ്രീനേഷിന്റെ ആൽബങ്ങൾ 'ഹത കുഞ്ചര' വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഇന്ത്യ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. ജാസി ഗിഫ്റ്റ്, കെ.എസ്.സുധീപ്കുമാർ അടക്കമുള്ളവരാണ് ആൽബങ്ങളിൽ പാടിയത്. റസൂൽ പൂക്കുട്ടിക്ക് ആദരമർപ്പിച്ച് ഒരുക്കിയ 'ശബ്ദതാരാപഥത്തിലെ താരമേ' എന്ന ഗാനം റസൂൽ പൂക്കുട്ടി തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തമിഴ്, കൊങ്കണി, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലും ആൽബം ഒരുക്കിയിട്ടുണ്ട്.