സ്‌കൂൾ കുട്ടികളെ ഓട്ടോറിക്ഷയിൽ വിടരുതെന്ന് നിർദേശിച്ചിട്ടില്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളെ ഓട്ടോറിക്ഷയിൽ സ്‌കൂളിലേക്ക് വിടരുത് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും എംവിഡി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
സ്‌കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളിലൊന്നും മാറ്റം വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും എംവിഡി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോയിൽ സ്‌കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിർദേശിച്ചതായി നേരത്തേ ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ബിനീഷ് കോടിയേരി ഉൾപ്പെടെ നിരവധിപേർ ഇത് പങ്കുവച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.
എന്നാൽ, യാതൊരു സുരക്ഷയുമില്ലാതെ അനുവദിച്ച എണ്ണത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ഓട്ടോറിക്ഷകളിൽ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നതെന്നും ഇത് അപകടങ്ങൾ വരുത്തിവയ്‌ക്കുമെന്നുമാണ് എംവിഡിയുടെ പോസ്റ്റിന് താഴെ ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്.