അന്ന് സമരം ചെയ്തവര്‍ ഇന്ന് സെസ് കുറയ്ക്കുമോ? യുഡിഎഫ് സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യം 

Monday 25 May 2026 10:28 PM IST

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംസ്ഥാനം നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമരം ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചാണ് പിണറായിയുടെ ചോദ്യം. തങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച സ്വന്തം വാദം പ്രാവര്‍ത്തികമാക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുമോയെന്ന വെല്ലുവിളിയും പിണറായി മുന്നോട്ട് വച്ചു.

കേന്ദ്രം കാണിക്കുന്ന അനീതിക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്നും വിഷയത്തില്‍ പ്രതിഷേധിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന നികുതി കുറയ്ക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇന്ധന വില വര്‍ദ്ധനവില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധനകള്‍ നടക്കുകയാണെന്നും അതനുസരിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയന്റെ പ്രസ്താവന ചുവടെ

പെട്രോള്‍ഡീസല്‍ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് പകല്‍ക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണ്.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ''സംസ്ഥാനം നികുതി കുറയ്ക്കണം'' എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണ്.