'കഴുത്തിന് പിടിച്ചു തള്ളി, മര്‍ദ്ദിച്ചു'; പൊലീസിനെതിരെ പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവര്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പികെയാണ് തനിക്ക് മർദ്ദനമേറ്റതായി ഡിജിപിയ്ക്ക് പരാതി നൽകിയത്. മേയ് 30ന് വൈകിട്ട നാലിന് പിണറായി വിജയനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ തടസവാദങ്ങളുമായി എത്തിയെന്നും വണ്ടി എടുത്തുമാറ്റെടാ എന്ന് ആക്രോശിച്ചുകൊണ്ട് തന്നെ മർദ്ദിച്ചെന്നുമാണ് പരാതിക്കാരന്റെ ആരോപണം. കഴുത്തിന് പിടിച്ചു തള്ളിയതായും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ ഉദ്യോഗസ്ഥരാണ് തന്നെ മർദ്ദിച്ചതെന്നും അനൂപ് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് അനൂപിന്റെ ആവശ്യം.