നാലുപേർക്ക് പുതുജീവനേകി 23കാരൻ; ഹൃദയം കണ്ണൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക്

Monday 01 June 2026 9:43 AM IST

കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ മിടിക്കും. മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത്. യുവാവിന്റെ വൃക്കയും കരളും മറ്റു മൂന്നുപേർക്കും ദാനം ചെയ്യുന്നുണ്ട്. കണ്ണൂർ സ്വദേശിയാണ് നാലുപേർക്ക് പുതുജീവനേകുന്നത്.

ഹൃദയം കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെത്തിക്കും. ഒരു വൃക്കയും ഇതേ ആശുപത്രിയിൽ മാറ്റിവയ്ക്കും. റോഡ‌ുമാർഗം ഹെലിപാഡ‌ിലെത്തിയതിനുശേഷം എയർ ആംബുലൻസ് വഴിയാണ് അവയവങ്ങൾ കൊച്ചിയിലെത്തിക്കുന്നത്.

മറ്റ് രണ്ട് അവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് എത്തിക്കുന്നത്. റോഡുമാർഗമാണ് ഈ അവയവങ്ങൾ കൊണ്ടുപോകുന്നത്. ഇതിനായി ഗ്രീൻ കോറിഡോർ പൊലീസ് ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ 28നാണ് ബൈക്ക് അപകട‌ത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. 30ന് മസ്‌തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.