കാക്കിയിട്ടവർക്കും രക്ഷയില്ല! കണ്ണൂരിൽ സൈബർ സെൽ പൊലീസിന്റെ ജീപ്പ് മോഷ്ടിച്ചു, പ്രതി പിടിയിൽ

Saturday 09 May 2026 2:06 PM IST

കണ്ണൂർ: നഗരമധ്യത്തിൽ നിന്ന് പൊലിസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സൈബർ സെല്ലിന്റെ ജീപ്പാണ് മോഷണം പോയത്. സംഭവത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശി ഹംസത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പുമായി കടന്നുകളഞ്ഞ പ്രതി നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു. അവിടെ നിന്ന് പെട്രോളടിച്ച ശേഷം തൊട്ടടുത്തുള്ള തട്ടുകടയിലെത്തി ചായയും കുടിച്ചു. എന്നാൽ പൊലിസുകാരനല്ലാത്ത ഒരാൾ പൊലിസ് വണ്ടിയിലെത്തി ചായ കുടിക്കുന്നത് കണ്ട കടയിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും ടൗൺ പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലിസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.