മന്ത്രി കെ എം ഷാജിയെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിച്ചു,​ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

Tuesday 19 May 2026 10:24 PM IST

കാസർകോട്: മന്ത്രി കെ.എം. ഷാജിയെ വർഗീയവാദി എന്ന് അധിക്ഷേപിച്ച് വാട്സ്ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉടനെന്ന് സൂചന. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്താണ് സന്ദേശം പങ്കുവെച്ചത്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. കാസർകോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിവാദ സന്ദേശം പ്രചരിച്ചത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫിന്റെ സത്യപ്രതിജ്ഞ ചടങ്ങിലെത്തിയതുമായി ബന്ധപ്പെട്ട പരാമർശത്തോടെയാണ് സന്ദേശം തുടങ്ങുന്നത്. തുടർന്നാണ് കെ.എം. ഷാജിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന കെ.എം. ഷാജി പിണറായ്ക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറക്കുമെന്നായിരുന്നു അധിക്ഷേപം. 'സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ്‌ മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌ക്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരെയും കേരള കോൺഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാക്കുന്ന ഒരു വർഗ്ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ... ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ... നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ....' എന്നാണ്‌ പോസ്‌റ്റ്‌. സംഭവത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകുന്ന സൂചന.