'കാർ മനഃപൂ‌ർവം കത്തിച്ചതോ?'; ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം

Sunday 17 May 2026 3:33 PM IST

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് മരിച്ചത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

സോനയുടെ ഭർത്താവായ രജിൻലാലിനെതിരെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂ‌ർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും സോനയുടെ അമ്മാവൻ എ കെ സത്യൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'കാറിനുള്ളിൽ മാരകമായ എന്തോ വച്ചിരുന്നു. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്. അപകടത്തിൽ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ട്. രജിൻലാലിന്റെ നാട്ടുകാരും സമാന സംശയം ഉന്നയിച്ചു. അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണം'- സത്യൻ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി ഒൻപത് പതിനഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. സോനയെ ഡോക്ടറെ കാണിച്ച ശേഷം സ്വിഫറ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

ഡ്രൈവർ സീറ്റിൽ നിന്ന് രജിൻ പുറത്തിറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ സോനയുടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാദ്ധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.