ഗസ്റ്റ് അദ്ധ്യാപകർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നാകണം :സേവ് യൂണി.സമിതി
തിരുവനന്തപുരം: സർവകലാശാലകളിലും കോളേജുകളിലും ഗസ്റ്റ് അദ്ധ്യാപകരെ നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു വർഷ ബിരുദ കോഴ്‌സുകൾ നടപ്പാക്കിയ ശേഷം അദ്ധ്യാപകരുടെ ജോലിഭാരം പുനർനിർണയിച്ചിട്ടില്ല. ഇത് മുതലെടുത്താണ് ഗസ്റ്റ് അദ്ധ്യാപകരെ സ്വാധീനത്തിന്റെ മറവിൽ വ്യാപകമായി നിയമിക്കുന്നതെന്നാണ് പരാതി. അദ്ധ്യാപക ജോലിഭാര നിർണ്ണയം പൂർത്തിയാകുന്നത് വരെ പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമിക്കണമെന്ന് സർവകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.അദ്ധ്യാപകരുടെ ജോലിഭാരം പുനർനിർണ്ണയിക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ സുതാര്യമായിരുന്നില്ല. പുതിയ കോഴ്സുകൾക്ക് ആദ്യ അഞ്ച് വർഷം ഗസ്റ്റ് അധ്യാപക നിയമനം നടത്താനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.അക്കാഡമിക് നിലവാരം തകരാതിരിക്കാൻ പ്രത്യേക ക്രമീകരണം നടത്തണമെന്നും പുതിയ തസ്തികകൾ സംബന്ധിച്ച് അന്തിമ തീരുമാനമാകും വരെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് മുൻഗണന നൽകണമെന്നാണ് ആവശ്യം.