കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ എസ്‌ഐടി; അന്വേഷണം കോഴിക്കോട് എസ്പിയുടെ നേതൃത്വത്തില്‍

Wednesday 03 June 2026 7:15 PM IST

കോഴിക്കോട്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ എസ്‌ഐടി അന്വേഷണം.പുനരന്വേഷണത്തിനായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നേരത്തെ ഈ കേസിലെ പ്രതികളിലേക്ക് എത്താനാകുന്നില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് കേസില്‍ വീണ്ടും അന്വേഷണം നടത്താനുള്ള തീരുമാനം. കോഴിക്കോട് റൂറല്‍ എസ്പി കേസിന്റെ മേല്‍നോട്ടം വഹിക്കുമ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടുന്ന സംഘത്തില്‍ ആകെ ഏഴ് പേരാണുള്ളത്.

2024ല്‍ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് എതിരെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച പ്രചാരണം എന്ന നിലയിലാണ് സ്‌ക്രീന്‍ഷോട്ട് വിവാദം കത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്നും ഇത് ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള സൃഷ്ടിയാണെന്നുമാണ് യുഡിഎഫ് തിരിച്ചടിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് മണ്ഡലത്തില്‍ മിന്നും ജയം കൈവരിക്കുകയും ചെയ്തിരുന്നു.

അന്നത്തെ സര്‍ക്കാര്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്നും അതാണ് പ്രതികളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോള്‍ തന്നെ കേസില്‍ പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തയ്യാറാകുന്നത് എന്നതും ശ്രദ്ധേയമാണ്.