പക്ഷാഘാത ചികിത്സ: ജില്ലാ ആശുപത്രികളിൽ പ്രത്യേക യൂണിറ്റ്

Thursday 04 June 2026 12:27 AM IST

തിരുവനന്തപുരം: പക്ഷാഘാത ചികിത്സയ്ക്കായി 12 ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് യൂണിറ്റുകൾ തുടങ്ങുമെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. വയനാട്, മലപ്പുറം മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കും. കാരുണ്യ, മെഡിസെപ് അടക്കമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ പക്ഷാഘാത ചികിത്സയ്ക്കുള്ള ഇൻഷ്വറൻസ് പരിധി 5ലക്ഷമായി വർദ്ധിപ്പിക്കുന്നത് പരിഗണിക്കും. നിലവിൽ രണ്ടര മുതൽ നാലുലക്ഷം വരെ ചികിത്സാ ചെലവുണ്ടാകുന്ന സാഹചര്യത്തിലാണിത്.

കൊവിഡ് കാരണം യുവാക്കളിലടക്കം പക്ഷാഘാത സാദ്ധ്യത വർദ്ധിച്ചിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പഠിക്കുകയാണ്. പക്ഷാഘാതാനന്തര ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ജില്ലാ ആശുപത്രികളിൽ സ്‌ട്രോക്ക് പുനരധിവാസ ക്ലിനിക്ക് തുടങ്ങും. മെഡിക്കൽ കോളേജുകളിൽ റോബോട്ടിക് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലാണ്. ലക്ഷണങ്ങൾ കണ്ടാലുടൻ പക്ഷാഘാതം തടയാൻ നൽകുന്ന മരുന്ന് ആശുപത്രികളിൽ വിതരണം ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങൾ, പുകവലി, ഉയർന്ന കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം വ്യായാമമില്ലായ്മ എന്നിവ കാരണം യുവാക്കളിൽ പക്ഷാഘാത നിരക്ക് ഉയരുന്നതായും എ.കെ.എം. അഷ്‌റഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.