തീ ദുരന്തം, 21 മരണം; വൻ അഗ്നിബാധ ഡൽഹിയിലെ ഹോട്ടലിൽ മരിച്ചവരിൽ 17 വിദേശികൾ, 50ഓളം പേർക്ക് പരിക്ക്
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ മാളവ്യനഗർ ഹൗസ്റാണിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ വിദേശികളടക്കം 21പേർക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരടക്കം 50ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 17പേർ ചികിത്സയ്‌ക്കും മറ്റും ഡൽഹിയിലെത്തിയ ലൈബീരിയ, കോംഗോ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് സ്വദേശികളാണ്.
അഞ്ചുനിലയുള്ള 'ഫ്ലൂറിഷ് സ്റ്റേയ്‌സ്" എന്ന ഹോട്ടലിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിൽ നിന്ന് ഇന്നലെ രാവിലെ 8.50നാണ് തീ പടർന്നത്. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടത്തെയാക തീ വിഴുങ്ങി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. റെസ്റ്റോറന്റിൽ എത്തിയവരും ഹോട്ടലിലെ താമസക്കാരുമടക്കം നിരവധിപേർ സംഭവസമയം കെട്ടിടത്തിലുണ്ടായിരുന്നു.
തീപിടിത്തം കണ്ട് അടുത്ത വീട്ടിലുള്ളവർ താഴെ വിരിച്ച കിടക്കയിലേക്ക് ചാടിയും ടെറസ് വഴി ഗ്ലാസ് ചില്ല് പൊട്ടിച്ചുമാണ് രക്ഷപ്പെട്ടത്. ഫയർ എൻജിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത്. റഡിഡൻഷ്യൽ മേഖലയിൽ ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടലിലേക്ക് ഫയർ എൻജിനുകൾക്ക് എത്താനായത് ഒരുമണിക്കൂർ കഴിഞ്ഞാണ്. അപ്പോഴേക്കും കെട്ടിടത്തിൽ കുടുങ്ങിയ പലരുടേയും ജീവൻ നഷ്ടമായിരുന്നു.
തീപിടിച്ച് വൈദ്യുതി നിലച്ചതിനാൽ മുന്നിലെ ഏകപ്രവേശന കവാടത്തിന്റെ ഇലക്‌ട്രോണിക് പൂട്ട് തുറക്കാൻ പറ്റാതായതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സമീപ കെട്ടിടങ്ങളിലേക്കും തീ പടർന്നു. പരിക്കേറ്റവരെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേർ വെന്റിലേറ്ററിലാണ്. തീണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും 10 പൊലീസുകാർക്കും പരിക്കേറ്റത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു. ഹോട്ടൽ ഉടമ ലോകേഷ് ബജാജിനെതിരെ പൊലീസ് നരഹത്യയ്‌ക്ക് കേസെടുത്ത് അറസ്റ്റുചെയ്തു.
മാനദണ്ഡങ്ങൾ
ലംഘിച്ച് പ്രവർത്തനം
കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് ആവശ്യത്തിന് ജനാലകൾ പോലുമില്ലാതിരുന്ന കെട്ടിടത്തിൽ ഫയർ എക‌്സിറ്റും ഇല്ലായിരുന്നു. ടോയ്‌ലെറ്റ് വെന്റിലേഷനുകൾ അടച്ച നിലയിലായിരുന്നു. ചിമ്മിനി പോലെ നിർമ്മിച്ചിരുന്ന കെട്ടിടത്തിൽ പുകതടഞ്ഞ് നിന്ന് പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. അഞ്ചു വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഹോട്ടലിന് ഡൽഹി സർക്കാരിന്റെ ബ്രെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതിക്കു കീഴിൽ ആറ് മുറികൾക്കാണ് ലൈസൻസെങ്കിലും ഉണ്ടായിരുന്നത്. 25 മുറികൾ. ഷട്ടർ ഉപയോഗിച്ച് മറച്ച ബേസ്‌മെന്റിലും ആളുകളെ താമസിപ്പിച്ചിരുന്നു.