യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, സംഭവത്തിനു പിന്നിൽ മറ്റൊരു ബന്ധമുണ്ടെന്ന സംശയം
ദാരുണാന്ത്യം പൊലീസിൽ അറിയിച്ചത് മൂത്ത മകൾ
തിരുവനന്തപുരം/ പോത്തൻകാേട് : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിനു സമീപം കീർത്തിനഗർ തിരുപ്പതി ഭവനിൽ ഒറ്റിക്ക് താമസിക്കുന്ന ഹസീന ബീവിയാണ് (38) കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 4.30നാണ് വീടിന്റെ മുകളിലത്തെ നിലയിൽ ക്രൂരകൃത്യം നടന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന മക്കൾ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് ദാരുണാന്ത്യം കണ്ടത്. അമ്മയെ അച്ഛൻ കൊലപ്പെടുത്തിയെന്ന് മൂത്തമകൾ അമൃത സുരേഷ് (18) ആണ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. ആനന്ദ് (17), റോഷൻ (11), അനയ (9) എന്നിവരാണ് മറ്റു മക്കൾ.
കൊലപാതകത്തിനുശേഷം സുരേഷ് സ്വന്തം കാറിൽ രക്ഷപ്പെട്ടു. പൊലീസ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെത്തിച്ചു. അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് നിലവിളിച്ച മക്കളെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. സംസ്കാരം കഴക്കൂട്ടം ശാന്തിതീരത്ത് നടന്നു.
കൊലക്കത്തി ബാത്ത്റൂമിലെ പൈപ്പിൽ കഴുകി കിടപ്പുമുറിയിൽ വച്ചശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. മണ്ണന്തല എസ്.ഐ റനോക്സ്, എ.എസ്.ഐ സജി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വഴിവിട്ട ബന്ധം, സംശയം ഹസീനയ്ക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഹസീന സുഹൃത്തിനൊപ്പം വീട്ടിൽ നിന്നു പാേയി. മൂന്നു ദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ഇതോടെ പ്രശ്നം വഷളായി. ചൊവ്വാഴ്ച ഹസീന മണ്ണന്തല പൊലീസിൽ പരാതി നൽകി. പ്രശ്നം ഒത്തുതീർപ്പാക്കിയാണ് വീട്ടിലെത്തിയത്. എന്നാൽ, രാത്രിയോടെ ബഹളമായി. അത് പുലർച്ചവരെ നീണ്ടു. അതിനിടെ ഹസീനയും സുരേഷും മുകളിലത്തെ കിടപ്പുമിറിയിലേക്കു പോയി, മക്കളും ഹസീനയുടെ അമ്മയും താഴത്തെനിലയിൽ ഉറക്കത്തിലുമായി. പുലർച്ചയോടെ മുകളിലത്തെ നിലയിൽ വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തുകയായിരുന്നു മക്കളും ഹസീനയുടെ അമ്മയും.
പ്രണയ വിവാഹം, അരുംകൊല !
വ്യത്യസ്ത മതത്തിലുള്ള ഇരുവരും 19 വർഷം മുമ്പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ബാലരാമപുരം വാഴിച്ചൽ സ്വദേശിയാണ് സുരേഷ്. വട്ടിയൂർക്കാവിലായിരുന്നു ഹസീനയുടെ വീട്. എ.സിയുടെയും മറ്റ് ഇലക്ട്രോണിക്‌സ് സാധനങ്ങളുടെയും മെക്കാനിക്കായിരുന്നു സുരേഷ്. പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് നാലുമാസം മുമ്പാണ് സുരേഷിന്റെ അമ്മ നാലാഞ്ചിറയിൽ വീട് ഒറ്റിക്ക് എടുത്ത്നുൽകിയത്. സമീപവാസികളുമായി കുടുംബം സൗഹൃദത്തിലായിരുന്നില്ല. ബന്ധുക്കളും അവിടേക്കുവന്നിരുന്നില്ല. കുടുംബവഴക്ക് രൂക്ഷമായതോടെയാണ് മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ഹസീനയുടെ അമ്മ ഹാജഹാൻ ബീവി ഇവർക്കൊപ്പം താമസിക്കാനെത്തിയത്.