കാറുകൾ ഓടി മൂന്നാറിലേക്ക്; പിന്നാലെ നടന്ന് ഉടമകൾ
കൊച്ചി: അമൽ മുകുന്ദനും ശ്രീഹരി സന്താനും സജിൻ ഷാജിയും ശനിയാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് മൂന്നാറിലേക്ക് ഒരു യാത്ര പോയി. കാറുണ്ടായിരുന്നെങ്കിലും 129 കിലോമീറ്റർ താണ്ടാൻ രണ്ടര ദിവസമെടുത്തു! കളിപ്പാട്ടക്കാറുകളായ അരിക്കൊമ്പനും താമരാക്ഷൻപിള്ളയും മാർക്കോയും ബിഗ് ഡാഡിയും കാട്ടാളനും ഓടിച്ച് 'നടന്നായിരുന്നു" യാത്ര. റിമോട്ട് കൺട്രോൾ കാറുകളുടെ (ആർ.സി കാർ) സവിശേഷതകളെക്കുറിച്ചുള്ള പ്രചാരണവും ലഹരിക്കെതിരെ ബോധവത്കരണവുമായിരുന്നു യാത്രാലക്ഷ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മൂന്നാറിലെത്തിയത്.
പുതിയകാവിൽ സ്പെയർപാർട്സ് സ്ഥാപനം നടത്തുന്ന ഉദയംപേരൂരിലെ അമലിന് ആർ.സി കാർ കമ്പം കയറിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. 2,000 രൂപ മുതൽ കോടികൾ വരെ വിലയുള്ള ആർ.സി കാറുകൾ വിപണിയിലുണ്ട്. ഇവയെക്കുറിച്ചും ലഹരി വിപത്തിനെക്കുറിച്ചുമുണ്ടായ ചിന്തയാണ് 34കാരനെ മൂന്നാർ നടപ്പിലേക്ക് നയിച്ചത്. ആഗ്രഹം പറഞ്ഞപ്പോൾ റസ്റ്റോറന്റ് അക്കൗണ്ടന്റ് സുഹൃത്ത് ശ്രീഹരിയും ഒപ്പം കൂടി.
രാവിലെ ആറിന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിന് മുന്നിൽ നിന്ന് കാറോട്ടം തുടങ്ങി. അമലിന്റെ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറി കണ്ട് കാലടി സ്വദേശിയും വെൽഡിംഗ് കോൺട്രാക്ടറുമായ പരിചയക്കാരൻ സജിനും കോലഞ്ചേരിയിൽ നിന്നുചേർന്നു. കാറുകളുടെ ബാറ്ററി ചാർജ്ജിംഗിന് മാരുതി ഇഗ്നിസുമായി സുഹൃത്ത് അമൽ തീരുംവരെ തുണയായി.
റോഡിന് ഓരംപറ്റിയായിരുന്നു യാത്ര. കോതമംഗലം ഇഞ്ചത്തൊട്ടിയിൽ വച്ച് പാഞ്ഞെത്തിയ കാർ കുഞ്ഞൻകാറിനെ തവിടുപൊടിയാക്കി. ആറ് ആർ.സി കാറുകളാണ് ഒപ്പം കൂട്ടിയിരുന്നത്. പ്രായമായിട്ടും കളിപ്പാട്ടക്കാർ ഓടിച്ചുനടക്കുകയാണെന്ന് പരിഹസിച്ചിരുന്നെങ്കിലും മൂന്നുപേരുടെയും വീട്ടുകാർ യാത്രയ്ക്ക് പൂർണ പിന്തുണനൽകി.
ആർ.സി കാർ ആഡംബര, ഓഫ് റോഡ് കാറുകളുടെ ചെറുപതിപ്പുകളാണ് റിമോട്ട് നിയന്ത്രിത ആർ.സി കാറുകൾ. ബാറ്ററിക്കുപുറമെ, പെട്രോളിൽ ഓടുന്നവയുമുണ്ട്. ഇവയെ സ്നേഹിക്കുന്ന കൂട്ടായ്മകളും വൻതുക സമ്മാനമുള്ള റേസിംഗ് ചാമ്പ്യൻഷിപ്പുകളും രാജ്യത്തുണ്ട്.
ഒന്നര ദിവസം കൊണ്ട് യാത്ര പൂർത്തിയാകുമെന്നാണ് കരുതിയത്. വഴിയരികിൽ ആളുകൾ തടിച്ചുകൂടുകയും അവർക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തു. - അമൽ മുകുന്ദൻ