ശബരിമല: രണ്ടാമത്തെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എസ്.ഐ.ടി 

Wednesday 20 May 2026 12:00 AM IST

തിരുവനന്തപുരം: പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ശബരിമലയിൽ നടന്ന സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് ദ്വാരപാലക ശിൽപ്പങ്ങൾ രണ്ടാമത് സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ദേവസ്വം ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഒഴിവാക്കപ്പെട്ടു. ശബരിമലയിൽ നിന്നും ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകി. ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണെങ്കിലും ഇവ പുറത്തേക്ക് കൊണ്ടുപോകാൻ ചട്ടം അനുവദിക്കുന്നുണ്ടോ, സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കുക. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും തുടർ നടപടി. തിരുവാഭരണം കമ്മിഷണർ, വിജിലൻസ് ആൻഡ് സെക്യൂരിറ്റിവിംഗ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥർ സുരക്ഷിത വാഹനത്തിലാണ് സ്വർണം കൊണ്ടുപോയതെന്ന് പി.എസ്.പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സന്നിധാനത്ത് നിന്ന് എടുക്കുന്നത് മുതൽ തിരികെ പുനഃസ്ഥാപിക്കുന്നത് വരെ കൃത്യമായ മഹസർ രേഖകളും വീഡിയോ ചിത്രീകരണവും ഉണ്ടായിരുന്നുവെന്നും മൊഴി നൽകിയിരുന്നു. ഇത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.