കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല,​ നഷ്ടമായത് പൂശിയ സ്വർണം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക റിപ്പോർട്ട് എസ്ഐടിക്ക്

Saturday 30 May 2026 11:44 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അന്തിമ ശാസ്ത്രീയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനാഫലമാണ് എസ്ഐടിക്ക് നൽകിയത്. പുറത്തുകൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണമാണ് നഷ്ടമായതെന്നുമുളള നിർണായക ശാസ്ത്രീയ പരിശോധനാഫലമാണ് പുറത്തുവന്നത്.

ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നത്. നാല് മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ചെമ്പ് പാളിക്ക് 28 വ‍ർഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. എക്‌സ്‌റേ ഫ്‌ളൂറസെൻസ് സ്‌പെക്‌ട്രോസ്‌കോപി, ഇൻഡക്ടീവ്‌ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്‌പെക്‌ട്രോമെട്രി, ഒപ്ടിക്കൽ എമിഷൻ സ്‌പെക്‌ട്രോസ്‌കോപി എന്നീ പരിശോധനകളാണ് ലാബിൽ നടത്തിയത്. നേരത്തെ വിഎസ്‌എസ്‌സിയിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതി‍ൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.

പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും എത്രത്തോളം സ്വ‍ർണം പാളികളിലുണ്ടെന്ന് അറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോർട്ട് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും.