മനീഷ വിസ്ഡം: സ്‌കോളർഷിപ്പ്, അവാർഡ് വിതരണം നാളെ
തൃശൂർ: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന 'മനീഷ വിസ്ഡം' വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ സ്‌കോളർഷിപ്പ് വിതരണവും അവാർഡ് ദാനവും നാളെ രാവിലെ 10ന് നടക്കും. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലാണ് (എസ്.എൻ.പി.സി) വിജ്ഞാന പദ്ധതി നടപ്പിലാക്കുന്നത്.
ടാലന്റ് സെർച്ച് പരീക്ഷയിൽ ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ച പുതുക്കാട് യൂണിയനെ ആദരിക്കും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിപ്പിച്ച 13 യൂണിയനുകൾക്ക് മനീഷ വിസ്ഡം അവാർഡും ഭാരവാഹികൾക്ക് ആദരവും നൽകും. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു എന്നിവർ ആദരം സമർപ്പിക്കും. എസ്.എൻ.പി.സി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റും മനീഷ പദ്ധതി കോ-ഓർഡിനേറ്ററുമായ ഡോ. കെ.സോമൻ പദ്ധതി വിശദീകരണം നടത്തും. സെക്രട്ടറി അഡ്വ. എം.എൻ.ശശിധരൻ സ്വാഗതവും ട്രഷറർ ഡോ. ആർ.ബോഷ് നന്ദിയും പറയും.