ഇവിടെ ഭായിയും ബെഹനും മാത്രം, ഒന്നാം ക്ലാസിലെ 12 കുട്ടികളും അതിഥി തൊഴിലാളികളുടെ മക്കൾ
കോഴിക്കോട്: നാടകാചാര്യൻ കെ.ടി. മുഹമ്മദടക്കം പ്രമുഖർ പഠിച്ച സ്‌കൂളാണിത്. ഒന്നാംക്ലാസിലേക്കെത്തിയ 12 കുട്ടികളും അന്യ സംസ്ഥാനങ്ങളിലുള്ളവർ. പ്രവേശനോത്സവത്തിൽ പ്രഥമ അദ്ധ്യാപിക കെ.പി.ദീപ്തി പറഞ്ഞു: ' മേരെ പ്യാരെ ബെച്ചോം ആജ് ഹമാര സ്‌കൂൾ ക പെഹലാദിൻ ഹെ. ഇതർ ആനെ ഹുവേ സബി ബച്ചോം കോ മേരാ ഹൃദയഭർ ഹാർദ്ദിക്ക് സ്വാഗത്..." ബലുണുകൾ പൊട്ടിച്ച് കുട്ടികൾ തുള്ളിച്ചാടി. കോഴിക്കോട് പാളയം ചിന്താവളപ്പിലെ ഒരുനൂറ്റാണ്ട് പിന്നിട്ട ബൈരായിക്കുളം ഗവ.എൽ.പി.സ്‌കൂളിലെ കാഴ്ചയായിരുന്നു ഇത്.
നാലാംക്ലാസുവരെ ആകെ 34കുട്ടികൾ. അതിൽ മലയാളികൾ മൂന്നുപേർ. ബാക്കിയെല്ലാം ബംഗാൾ,ഉത്തർപ്രദേശ്,ബീഹാർ അതിഥിത്തൊഴിലാളികളുടെ മക്കൾ. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളിനെ നിലനിറുത്താനുള്ള അദ്ധ്യാപകരുടെ കൂട്ടയത്നമാണ് പിന്നിൽ.
ഹിന്ദി പഠിച്ചു, മെനു മാറ്റി
കുട്ടികളെ പഠിപ്പിക്കാൻ നല് അദ്ധ്യാപരും ഹിന്ദി പഠിച്ചു. നാലാം ക്ലാസിലെത്തിയ കുട്ടികൾക്ക് ഇപ്പോൾ മലയാളവും വഴങ്ങുന്നുണ്ട്. നാലിൽ പഠിക്കുന്ന ബീഹാറി സ്വദേശി ശിവാനി സബ്‌ജില്ലയിൽ കഴിഞ്ഞ തവണ മലയാളം പദ്യം ചൊല്ലലിൽ എ.ഗ്രേഡ് നേടി. ഭക്ഷണത്തിനുള്ള ചോറും സാമ്പാറും രസവുമൊക്കെ മാറി. പരിപ്പും സോയയും ഉരുളക്കിഴങ്ങും സവാളയുമൊക്കെയാണ് മെനു. സർക്കാർ നൽകുന്ന ഫണ്ടിനൊപ്പം അദ്ധ്യാപകരും പണം പങ്കിട്ട് അത് നിർവഹിക്കുന്നു.