സ്കൂളുകളിൽ മാസത്തിലൊരു പീരിയഡ് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾക്ക്
തിരുവനന്തപുരം: സ്കൂളുകളിൽ മാസത്തിലൊരു പീരിയഡ് ലഹരി-മാലിന്യ നിർമ്മാർജ്ജനം, കുട്ടികൾക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വിഷയങ്ങൾക്കായി നീക്കിവയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ലഹരി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മാസത്തിൽ ഒരു സ്പെഷ്യൽ അസംബ്ലി കൂടുന്നതിനും നിർദ്ദേശിക്കും. നിരന്തര മൂല്യനിർണയത്തിന് അദ്ധ്യാപകർ നൽകുന്ന 20മാർക്കിൽ, ലഹരി നിർമ്മാർജ്ജനം പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നവർക്ക് മുൻഗണന നൽകും.
ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണം, സമൂഹത്തെ ശാക്തീകരിക്കൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണ എന്നിവ ലഭ്യമാക്കുന്നുണ്ട്. സ്കൂൾ തലത്തിലെ ജാഗ്രതാ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ നൽകിയിട്ടുണ്ട്. ലഹരി വസ്തുക്കൾ സ്കൂളുകളിലേക്കെത്തുന്നത് തടയാൻ രക്ഷാകർത്തൃ ഗ്രൂപ്പുകളുമുണ്ട്. എല്ലാ സ്കൂളുകളിലും ക്ലാസ് ജാഗ്രതാ സമിതികളുണ്ട്. കേന്ദ്രസർക്കാരിന്റെ മൊഡ്യൂൾ പ്രകാരം അദ്ധ്യാപകർക്കും പരിശീലനം നൽകും.
യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഉറുദു, അറബി പുസ്തകങ്ങളിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങളുണ്ട്. ഈ അക്കാഡമിക് വർഷം പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിലും ഇത് ഉൾപ്പെടുത്തുമെന്നും അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടി സംസ്ഥാനസർക്കാർ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നൽകുന്നത്.
വിദ്യാഭ്യാസ കലണ്ടർ പഠിക്കാൻ സമിതി
തിരുവനന്തപുരം: വിദ്യാഭ്യാസകലണ്ടർ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശമനുസരിച്ച് കലണ്ടറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. അദ്ധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ കലണ്ടർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിലവിലെ പാഠ്യപദ്ധതി പ്രകാരം പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് എത്ര മണിക്കൂർ/ പഠന ദിനങ്ങൾ വേണ്ടിവരുമെന്ന് വിദഗ്ധ സമിതി പരിശോധിക്കും. കാസർകോട് കേരള സെൻട്രൽ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ വിഭാഗം മേധാവി പ്രൊഫ. വി.പി ജോഷിത്ത്, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ്.ഫെറ്റിൽ, തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ അസി.പ്രൊഫസർ ഇൻ ഡെവലപ്മെന്റൽ പീഡിയാട്രിക്സ് ഡോ. ദീപ ഭാസ്ക്കരൻ, എസ്.എസ്.കെ മുൻ കൺസൽട്ടന്റ് ഡോ.എസ്. ജയരാജ്, എസ്.സി.ഇ.ആർ.ടി മുൻ ഫാക്കൽറ്റി എം.പി. നാരായണൻ ഉണ്ണി എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അദ്ധ്യാപക സംഘടനകളുമായി ക്യു.ഐ.പി യോഗത്തിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പ് 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയിരുന്നു. ഇതിനെതിരെ കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.