ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

Wednesday 03 June 2026 12:50 AM IST

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ പ്രമുഖ വനിതാ മുഖമായ ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. ഷാനിമോൾക്ക് 99 വോട്ടും സി.പി.ഐയിലെ മുഹമ്മദ്മുഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. അരൂർ എം.എൽ.എയാണ് ഷാനിമോൾ.

യു.ഡി.എഫിലെ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാരിയർ എന്നിവരും എൽ.ഡി.എഫിലെ സി.കെ.ഹരീന്ദ്രനും നിയസഭയിൽ ഹാജരായില്ല. മൂന്ന് ബി.ജെ.പി എം.എൽ.എമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കർ തിരൂവഞ്ചൂർ രാധാകൃഷ്ണനും വോട്ടുചെയ്തില്ല.

35 വർഷങ്ങൾക്ക് ശേഷമാണ് വനിതാ ഡെപ്യൂട്ടി സ്പീക്കർ വരുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ്. ഷാനിമോളെ മുഖ്യമന്ത്രി വി.ഡി.സതീശൻ,​ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എന്നിവരാണ് നാമനിർദ്ദേശം ചെയ്തത്. മുഹമ്മദ് മുഹ്സിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.പ്രസാദ് എന്നിവരും നാമനിർദ്ദേശം ചെയ്തു.