രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് പ്രവാസിയുടെ വീടിന്റെ ഔട്ട്ഹൗസില്‍

Tuesday 02 June 2026 11:24 PM IST

തൃശൂര്‍: ചാലക്കുടിയില്‍ പ്രവാസിയുടെ വീടിന്റെ ഔട്ട്ഹൗസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍. പശ്ചിമബംഗാളില്‍ നിന്ന് കേരളത്തില്‍ ജോലിക്കെത്തിയ ഉമിത് ആനന്ദ് (38), രാധ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണം എന്നാണ് പൊലീസ് നല്‍കുന്ന സ്ഥിരീകരണം. വാഴക്കുന്നിലുള്ള പ്രവാസിയുടെ വീടിന്റെ പുറംപണിക്കായിട്ടാണ് ഇവര്‍ മൂന്ന് മാസം മുമ്പ് എത്തിയത്. വീടിന്റെ കോമ്പൗണ്ടില്‍ തന്നെയുള്ള ഔട്ട്ഹൗസിലായിരുന്നു ഇരുവരുടേയും താമസം.

സാധാരണഗതിയില്‍ ഇവരെ സ്ഥിരമായി പുറത്ത് കാണാറുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇരുവരേയും കാണാതായതോടെയാണ് വീടിന്റെ സെക്യൂരിറ്റി ജോലി ചെയ്തിരുന്നവര്‍ ഔട്ട്ഹൗസില്‍ അന്വേഷിച്ച് എത്തിയത്. വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ചാലക്കുടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാലക്കുടി പൊലീസ് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി ആളൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.എം. സന്തോഷ് കുമാര്‍, ചാലക്കുടി എസ്.എച്ച്.ഓ സി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.