ആചാരലംഘനമുണ്ടായിട്ടില്ലെന്ന് ദേവസ്വം: മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന് ക്ലീൻചിറ്റ്

Tuesday 26 May 2026 2:41 PM IST

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശന വിവാദത്തിൽ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. സന്ദർശനവുമായി ബന്ധപ്പെട്ട് ആചാരലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിയമം അനുസരിച്ച് പാസെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ.

ഗോപുരം മാനേജർ,​ സെക്യൂരിറ്റി എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ദർശനത്തിന് ഉണ്ടായിരുന്നില്ലെന്നും ഒരാൾ പോലും തൊഴാനാകാതെ മടങ്ങിയെന്ന പരാതി പറഞ്ഞിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകി.

മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച ദർശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുട‌ർന്ന് ഭക്തർക്ക് ദർശനത്തിന് ബുദ്ധിമുട്ടുണ്ടായെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്.

എന്നാൽ നെയ് വിളക്കിന്റെ ചീട്ട് എടുത്തിട്ടായിരുന്നു മുഖ്യമന്ത്രി ദർശനത്തിന് എത്തിയതെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ വ്യക്തമാക്കി. ക്ഷേത്രത്തിൽ നെയ് വിളക്കിന് ചീട്ട് എടുത്താൽ വരി നിൽക്കാതെ തന്നെ ദർശനം അനുവദിക്കാറുണ്ട്. വി.ഡി സതീശനൊപ്പം സ്ഥിരമായി ക്ഷേത്രദർശനത്തിന് എത്താറുള്ള മുൻ ദേവസ്വം ജീവനക്കാരൻ അഞ്ച് നെയ്‌വിളക്കിന് ചീട്ട് എടുത്തിരുന്നു. മുഖ്യമന്ത്രി അടക്കം നാല് പേരാണ് ദർശനത്തിന് കയറിയത്. അതിനാൽ മറ്റ് ഭക്തർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.