വി.എസിന്റെ ഭരണപരിഷ്കാര ശുപാർശകൾക്ക് സുഖനിദ്ര

Tuesday 26 May 2026 12:00 AM IST

തിരുവനന്തപുരം: പൊതുഭരണം അടിമുടി പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വി.എസ്. അച്യുതാനന്ദൻ ചെയർമാനായുള്ള ഭരണപരിഷ്കാര കമ്മിഷൻ സമർപ്പിച്ചിരുന്ന 13 റിപ്പോർട്ടുകൾ വെളിച്ചം കാണാതെ സുഖനിദ്ര‌യിൽ. റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഒന്നിൽപ്പോലും ഫലപ്രദമായ നടപടി ഉണ്ടായില്ല. പുതിയ സർക്കാരും ഭരണപരിഷ്കാര കമ്മിഷനെ നിയമിക്കാനുള്ള ആലോചനയിലാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നാലാം കമ്മിഷനെ നിയമിച്ചത്. വി.എസ് ചെയർമാനും ചീഫ് സെക്രട്ടറിമാരായിരുന്ന സി.പി.നായർ, നീലാഗംഗാധരൻ എന്നിവർ അംഗങ്ങളും അന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ഷീലാതോമസ് സെക്രട്ടറിയുമായ കമ്മിഷൻ 2016 സെപ്തംബർ 28 ന് പ്രവർത്തിച്ചുതുടങ്ങി. 2021 മേയ് വരെ കാലാവധി ഉണ്ടായിരുന്നെങ്കിലും വി.എസിന്റെ അനാരോഗ്യം കാരണം 2020 ഡിസംബറിൽ രാജിവച്ചു. 13 വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടുകളാണ് സമർപ്പിച്ചിരുന്നത്. വീണ്ടും പിണറായി സർക്കാർ അധികാരത്തിലെത്തിയെങ്കിലും ശുപാർശകൾ വിസ്മരിച്ചു. പിന്നീട് ഭരണപരിഷ്കാര കമ്മിഷനെ നിയമിച്ചതുമില്ല.

സുപ്രധാന ശുപാർശകൾ

1. സെക്രട്ടേറിയറ്റിൽ നടപടികൾ വേഗത്തിലാക്കാൻ ഫയൽ നീക്കത്തിനുള്ള തട്ടുകളുടെ എണ്ണം കുറയ്ക്കണം

2. പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനം കിട്ടാൻ ഭരണസംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണം

3. അഴിമതിയും സ്വജനപക്ഷപാതവും നീതിനിർവഹണത്തിലെ കാലതാമസവും ഒഴിവാക്കാൻ പ്രത്യേക നടപടി സ്വീകരിക്കണം

4. സർക്കാർ സേവനങ്ങൾ താഴേത്തട്ടിൽ വരെ സുഗമമായി കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടി അനിവാര്യം

 4 ഭരണപരിഷ്കാര കമ്മിഷനുകൾ

കേരളത്തിൽ ഇതുവരെ നാല് ഭരണപരിഷ്കാര കമ്മിഷനുകളാണ് ഉണ്ടായത്. 1957-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് അദ്ധ്യക്ഷനായി ഒന്നാം കമ്മിഷൻ. 1965-ൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.വെള്ളോടി അദ്ധ്യക്ഷനായ കമ്മിഷൻ. 1996-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ അദ്ധ്യക്ഷനായ കമ്മിഷൻ. 2016 ലെ സവിശേഷ സാഹചര്യത്തിൽ വി.എസ് അദ്ധ്യക്ഷനായി.

ആരാവും അഞ്ചാമൻ?​

അഞ്ചാം ഭരണപരിഷ്കാര കമ്മിഷനെ നിയമിക്കാനുള്ള ആലോചനയിലാണ് വി.ഡി സർക്കാർ. മുതിർന്ന നേതാവായ വി.എം.സുധീരനെ ചെയർമാനാക്കാനാണ് കോൺഗ്രസിന്റെ ആലോചന. മുൻ മന്ത്രി ഡോ.എം.കെ.മുനീറിനെ ചെയർമാനാക്കണമെന്നതാണ് ലീഗിന്റെ താത്പര്യം. യു.ഡി.എഫ് പിന്തുണയിൽ ജയിച്ച മുൻ മന്ത്രി ജി.സുധാകരന്റെ പേരും പരിഗണനയിലാണ്.