കേടായി വഴിയിൽ കിടന്ന കാർ ആക്രിക്ക് വിറ്റ് 21കാരൻ; കച്ചവടം ഉറപ്പിച്ചത് ഉടമ അറിയാതെ

Tuesday 02 June 2026 4:08 PM IST

മലപ്പുറം: കേടായി വഴിയിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപ്പന നടത്തി 21കാരൻ. വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീക്കിന്റെ കാറാണ് യുവാവ് വിൽക്കാൻ ശ്രമിച്ചത്. തകരാറിലായ കാർ സിദ്ദീക്കിന്റെ വീടിന് മുന്നിലെ റോഡരികിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ആറരയോടെ കച്ചവടം ഉറപ്പിച്ച സംഘം സ്ഥലത്തെത്തി കാറ് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ലോറിയും മണ്ണുമാന്തി യന്ത്രവും വന്നതുകണ്ട് സിദ്ദീക്കിന്റെ ഭാര്യ കാര്യം അന്വേഷിച്ചു. പട്ടാമ്പിയിലെ സ്‌ക്രാപ് സാമഗ്രികൾ വാങ്ങുന്ന സ്ഥാപനത്തിൽ നിന്നാണ് വരുന്നതെന്നും കാറിന് പഴയ സാധനങ്ങളുടെ വില നൽകി കച്ചവടം ഉറപ്പിച്ചെന്നും അവർ അറിയിച്ചു. സംഭവസമയം പുറത്തായിരുന്ന സിദ്ദീക്ക് ഉടൻതന്നെ സ്ഥലത്തെത്തി. വാഹനം തങ്ങളുടേതാണെന്ന് ആരെയും വിൽക്കാൻ ഏൽപ്പിച്ചില്ലെന്ന് സിദ്ദീക്ക് വ്യക്തമാക്കിയതോടെ കച്ചവടക്കാർ കുഴഞ്ഞു. ഒടുവിൽ ചങ്ങരംകുളം പൊലീസിനെ വിവരം അറിയിച്ചു.

കച്ചവടസംഘത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറങ്ങാടിയിലുള്ള യുവാവാണ്‌ തട്ടിപ്പ് നടത്തിയതെന്ന് മനസിലായി. വഴിയരികിൽ കിടക്കുന്നത് തന്റെ കാറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് കച്ചവടസംഘത്തിൽ നിന്ന് പണം തട്ടിയത്. സ്ഥലത്തെത്തി വാഹനം കാണിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും പ്രശ്‌നം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. കച്ചവടക്കാരിൽ നിന്ന് വാങ്ങിയ തുക തിരികെ നൽകാമെന്നും ലോറിയിലേക്ക് കാർ കയറ്റിയപ്പോഴുണ്ടായ തകരാറുകൾ പരിഹരിച്ചു നൽകാമെന്നും യുവാവ്‌ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.