കേരളത്തിലേക്ക് ഒഴുകുന്നത് തനി വ്യാജന്‍; നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി ഉപയോഗം
വാളയാര്‍: വ്യാജന്റെ കടന്നുകയറ്റത്തില്‍ സിമന്റ് വ്യവസായം തകരുന്നു. തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി എത്തുന്ന സിമന്റ് അതിര്‍ത്തി ഗ്രാമങ്ങളില്‍ വിപണി പിടിച്ചടക്കിയിരിക്കുകയാണ്. ബ്രാന്‍ഡ് ചിഹ്നങ്ങളോ പേരോ ഇല്ലാത്ത പ്ലെയിന്‍ ചാക്കുകളിലാണ് ഇവ എത്തുന്നത്. ഡീലര്‍മാരോ ഗോഡൗണുകളോ ഇല്ല. ബ്രാന്‍ഡഡ് സിമന്റുകളെക്കാള്‍ വളരെ വിലക്കുറവാണെന്നതാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. അതേസമയം ഇവയുടെ ഗുണമേന്മ സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിക്കുകയുമില്ല.
സിമന്റ് വില്പനയ്ക്കായി കുറെ ഏജന്റുമാര്‍ ഗ്രാമ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസത്തിനകം തമിഴ്നാട്ടില്‍ നിന്ന് സിമന്റ് എത്തിച്ച് നല്‍കും. ചെറിയ അളവിലും വലിയ അളവിലും സിമന്റ് എത്തിച്ച് നല്‍കാന്‍ ഇവര്‍ക്ക് സംവിധാനങ്ങള്‍ ഉണ്ട്. വില കുറവായതിനാല്‍ ആളുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അംഗീകൃത സിമന്റുകളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വ്യാജന്‍ വിപണി കീഴടക്കുന്നത് സിമന്റ് ഡീലര്‍മാരെയാണ് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അംഗീകൃത സിമന്റ് കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 50 കിലോ ബാഗ് സിമന്റിന് 250 രൂപ മുതല്‍ 300 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. താരതമ്യം ചെയ്യുമ്പോള്‍ ബ്രാന്‍ഡഡ് സിമന്റുകള്‍ക്ക് വിലയില്‍ വലിയ വ്യത്യാസമുണ്ട്. മലബാര്‍ സിമന്റ് 50 കിലോ ബാഗിന് 345 രൂപ മുതല്‍ 360 രൂപ വരെ വില നല്‍കണം. രാംകോ സിമന്റിന് 390 മുതല്‍ 420 രൂപ വരെയാണ് വില. എ.സി.സി സിമന്റിന് 360 രൂപ മുതല്‍ 380 രൂപ വരെ വിലയുണ്ട്. അംബുജ സിമന്റിന്റെ വിപണി വില 350 മുതല്‍ 410 രൂപ വരെയാണ്. അള്‍ട്രാ ടെക് സിമന്റിന് 380 മുതല്‍ 420 രൂപ വരെ വിലയുണ്ട്. ജെ.എസ്.ഡബ്‌ളിയു സിമന്റ് 350 മുതല്‍ 370 വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. ഡാല്‍മിയ സിമന്റിന്റെ വില 340 മുതല്‍ 370 രൂപ വരെയാണ്. ഇതനുസരിച്ച് 50 മുതല്‍ 120 രൂപ വരെ കുറഞ്ഞവിലയിലാണ് വ്യാജ സിമന്റ് വില്ക്കുന്നത്.