മത്സ്യപ്രേമികള്‍ വലയും, വലിയ മത്തിക്ക് വലിയ വില; ഒപ്പം കുതിച്ച് അയലയും

Thursday 04 June 2026 12:00 AM IST

ആലപ്പുഴ: ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പു തന്നെ മീന്‍ വില കുതിക്കുന്നു. മത്തി അടക്കമുള്ളവയ്ക്ക് വലിയ വിലയാണിപ്പോള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ മത്തി കേരളാ തീരത്ത് നിന്ന് ലഭിച്ചുതുടങ്ങിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന മത്തിക്ക് 380 രൂപയാണിപ്പോള്‍. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെയാണ് മറ്റ് മീനുകള്‍ക്കുണ്ടായ വിലവര്‍ദ്ധന. അയലയ്ക്ക് 340 മുതല്‍ 380 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. വലുപ്പത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരും.

അതേസമയം, മണ്ണെണ്ണ വില വര്‍ദ്ധന, മത്സ്യക്ഷാമം, മത്സ്യബന്ധ ഉപകരണങ്ങള്‍ നശിക്കുക എന്നിവ കാരണം ആകെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്‍. കടംവാങ്ങി വള്ളമിറക്കിയാല്‍ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരു വള്ളമിറക്കുമ്പോള്‍ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വള്ളമിറക്കിയാല്‍ പലപ്പോഴും ഡോള്‍ഫിന്‍ കടല്‍മാക്രി എന്നിവയുടെ ശല്യംകാരണം വലകള്‍ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്ത് 1630 ഇന്‍ബോര്‍ഡ് വള്ളങ്ങളും 600 ഓളം ഔട്ട്‌ബോര്‍ഡ് വള്ളങ്ങളുമാണുള്ളത്. ഓരോ വള്ളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

സംസ്ഥാനത്ത് വള്ളങ്ങള്‍

ഇന്‍ബോര്‍ഡ് :1630

ഔട്ട്‌ബോര്‍ഡ് : 600

ഇന്ധനവില വര്‍ദ്ധന തിരിച്ചടി

1. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളി ക്ഷാമവും ഇന്ധനച്ചെലവിന്റെ വര്‍ദ്ധനയുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്. ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനച്ചെലവ് കുത്തനെ വര്‍ദ്ധിച്ചതും ബോട്ടുടമകള്‍ക്ക് തിരിച്ചടിയായി

2. കാലാവസ്ഥാ വ്യതിയാനവും കടലില്‍ മത്സ്യം കുറയുന്നതും വിലവര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. മുന്നറിയിപ്പുകള്‍ കാരണം കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതോടെ മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം കുറഞ്ഞു

3. ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോള്‍ 165 രൂപയിലെത്തി നില്‍ക്കുകയാണ്. ഒരു വള്ളത്തിന് ലഭിക്കുന്നത് മാസത്തില്‍ 129-179 ലിറ്റര്‍ മണ്ണെണ്ണമാത്രമാണ്. എന്നാല്‍, ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റര്‍ മണ്ണെണ്ണയാണ്

മത്സ്യക്ഷാമം, മണ്ണെണ്ണ വില വര്‍ദ്ധന, മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സര്‍ക്കാരുകള്‍ നടപടിയെടുക്കണം. -ചാള്‍സ് ജോര്‍ജ്, സംസ്ഥാന പ്രസിഡന്റ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)