ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും: തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലമാർഗം ചരക്കുനീക്കം വർദ്ധിപ്പിക്കാൻ പദ്ധതി
കൊച്ചി: കേരളത്തിലെ വൻകിട, ഇടത്തരം തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ജലമാർഗമുള്ള ചരക്കുനീക്കം വർദ്ധിപ്പിക്കാൻ സമഗ്രപദ്ധതി ഒരുങ്ങുന്നു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യബഡ്‌ജറ്റിൽ പ്രഖ്യാപിച്ചേക്കും.
കേരളത്തിന്റെ 590 കിലോമീറ്റർ തീരദേശത്ത് വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര തുറമുഖങ്ങൾക്ക് പുറമെ നാല് ഇടത്തരം, 17 ചെറുകിട തുറമുഖങ്ങളുമുണ്ട്. കോവളം മുതൽ കാസർകോട്ടെ ബേക്കൽ വരെ 40 മീറ്റർ വീതിയിലും 2.20 മീറ്റർ ആഴത്തിലും ജലപാത വികസിപ്പിക്കുന്നത് സംസ്ഥാന സർക്കാർ തുടരുകയാണ്. ഇതിൽ വരുന്ന കൊല്ലം - കോട്ടപ്പുറം ദേശീയജലപാത കേന്ദ്ര സർക്കാർ പൂർത്തിയാക്കി. കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ കേന്ദ്രം അടുത്തഘട്ടത്തിൽ ചെയ്യും. കൊല്ലം മുതൽ തെക്കോട്ട് കോവളം വരെയും കോഴിക്കോട് മുതൽ വടക്കോട്ട് ബേക്കൽവരെയും മാത്രമാണ് സംസ്ഥാനത്തിന് ചെയ്യാനുള്ളത്.
വിഴിഞ്ഞം വഴിതുറക്കും
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ എത്തുന്ന കണ്ടെയ്‌നറുകൾ ചെറിയ കപ്പലുകളിലോ ബാർജുകളിലോ കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസർകോട് തുടങ്ങിയയിടങ്ങളിൽ എത്തിക്കാനാകും. കയറ്റുമതിക്കുള്ള ചരക്കുകൾ തുറമുഖങ്ങളിലും എത്തിക്കാം.
പ്രതിബന്ധം റോഡ് ലോബി
സംരംഭകരുടെ കുറവും ട്രക്ക്, ട്രെയ്‌ലർ ലോബിയുടെ ഇടപെടലുമാണ് ജലമാർഗമുള്ള ചരക്കുനീക്കത്തിന് പ്രധാന തടസം. ബാർജുകൾ, ചെറിയ കപ്പലുകൾ എന്നിവയുമായി സ്വകാര്യ സംരംഭകർ രംഗത്തില്ല. സംരംഭകരെ ആകർഷിക്കാൻ കഴിഞ്ഞാലേ ജലമാർഗമുള്ള ചരക്കുനീക്കം കൂട്ടാൻ കഴിയുകയുള്ളൂവെന്ന് ഷിപ്പിംഗ് മേഖലയിലുള്ളവർ പറയുന്നു.
ജലപാത, കിലോമീറ്റർ
കോവളം- ബേക്കൽ (വെസ്റ്റ് കോസ്റ്റ് കനാൽ).............. 620
കൊല്ലം -കോട്ടപ്പുറം ദേശീയജലപാത............................... 168
കോട്ടപ്പുറം -കല്ലായി ദേശീയജലപാത.............................. 160
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണമാകുന്നതോടെ ജലമാർഗമുള്ള ആഭ്യന്തര ചരക്കുനീക്കത്തിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം.
വിനോദിനി സുകുമാരൻ
പ്രസിഡന്റ്
കൊച്ചിൻ ചേംബർ ഒഫ്
കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി
വ്യക്തമായ നയം സർക്കാർ രൂപീകരിക്കണം. സംരംഭകരെ ആകർഷിക്കാനും ചരക്ക് ഉറപ്പാക്കാനും കഴിയുക പ്രധാനമാണ്.
പ്രകാശ് അയ്യർ
ഷിപ്പിംഗ് ഏജന്റ്