നക്ഷത്രവൃക്ഷങ്ങളുമായി ശ്രീമൻ നാരായണൻ
ആലുവ: 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' എന്ന സന്ദേശവുമായി മുപ്പത്തടം ശ്രീമൻ നാരായണൻ മിഷൻ ഇക്കുറി നക്ഷത്രവൃക്ഷങ്ങൾ വിതരണം ചെയ്യും. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് 11-ാമത് വൃക്ഷയജ്ഞത്തിന് തുടക്കമാകും. പ്രകൃതിയെ കൂടുതൽ സമ്പന്നമാക്കാൻ പ്രാപ്തിയുള്ള അതിനൂതന സംരംഭത്തിനാണ് ശ്രീമൻ നാരായണൻ പരിസ്ഥിതി ദിനത്തിൽ ആരംഭം കുറിക്കുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരും ആവശ്യപ്പെടുന്ന തൈകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കും. ആവശ്യമുള്ളവർ പേരും നക്ഷത്രവും ഫോൺ നമ്പരും 917012282098 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം. തൈകളെത്തിച്ച് ആവശ്യപ്പെട്ട ആളെ വിളിച്ചു വിതരണം ചെയ്യും. കഴിഞ്ഞ 10 വൃക്ഷയജ്ഞങ്ങളിലൂടെ ആറു ലക്ഷം ഫലവൃക്ഷത്തൈകൾ സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലുമായി ശ്രീമൻ നാരായണൻ വിതരണം ചെയ്യുകയും വച്ചുപിടിപ്പിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമമായ മുപ്പത്തടത്തിൽ 10,001 മാവും പ്ലാവും നട്ടു. 'നടാം നനക്കാം നടയിൽ വക്കാം' പദ്ധതിയിലൂടെ ഒന്നര ലക്ഷം ചെത്തി തുളസി, കൂവളം തൈകളും വിതരണം ചെയ്തു. ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി പ്രകാരം ഇതുവരെ 2,30,000 മൺപാത്രങ്ങൾ വിതരണം ചെയ്തു. ഒരു ലക്ഷം തികഞ്ഞ മൺപാത്രം പ്രധാനമന്ത്രിക്കാണ് സമർപ്പിച്ചത്. രണ്ടു ലക്ഷം തികഞ്ഞ പാത്രം രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു. 5ന് രാവിലെ 11ന് മുപ്പത്തടം ദ്വാരക ഹോട്ടൽ അങ്കണത്തിൽ 11-ാമതു വൃക്ഷയജ്ഞം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ അദ്ധ്യക്ഷയാകും.