ബാങ്കുകളെ പങ്കാളികളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ലക്ഷ്യമിടുന്നത് വന്‍ നേട്ടം

Tuesday 02 June 2026 12:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലും ബാങ്കുകളുടെ സഹകരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 18 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസുമായി കേരളത്തില്‍ ബാങ്കുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. .നിക്ഷേപം 10.62ലക്ഷംകോടി രൂപയും വായ്പകള്‍ 7.74 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും സാങ്കേതിക പുരോഗതിയും മനുഷ്യ വികസനവും സമന്വയിപ്പിക്കുന്ന 'പുതുയുഗകേരളമാണ്' സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി തയ്യാറാക്കിയിട്ടുള്ള 27ഏവിയേഷന്‍ പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. വിദേശ സര്‍വകലാശാലകളും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കരണങ്ങളുണ്ടാകും. തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' സ്ഥാപിക്കും.

സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശയില്‍ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കും. യുവ സംരംഭകര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും.ഈ പദ്ധതികളില്‍ ബാങ്കുകളുടെ മികച്ച സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഭാവേന്ദ്ര കുമാര്‍ അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, എസ്.എല്‍.ബി.സി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജറുമായ വി.എസ്. സന്തോഷ്, റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്തരാമചന്ദ്ര,നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.