മാമ്പഴക്കാലം കഴിഞ്ഞതോടെ മലയാളിക്ക് പ്രിയം ഈ പഴവര്‍ഗത്തോട്; കിലോയ്ക്ക് വില 300 വരെ

Tuesday 26 May 2026 12:42 AM IST

ചാലക്കുടി: മാമ്പഴക്കാലം കടന്നുപോയതോടെ ഇനി വരാനിരിക്കുന്നത് റംബൂട്ടാന്‍ ദിനങ്ങളാണ്. കാലവര്‍ഷം വരവറിയിച്ചതോടെ മാവുകള്‍ കാലിയായി തുടങ്ങിയതു പോലെ വിനോദസഞ്ചാര പ്രദേശത്തെ വഴിയോരങ്ങളിലെ മാമ്പഴവിപണിയും പതിയെ മാഞ്ഞുതുടങ്ങി. ഇതോടെ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട റംബൂട്ടാന്‍ രംഗത്തെത്തി. പണം കായ്ക്കും റംബൂട്ടാന്‍ മരങ്ങള്‍ ഇക്കുറി നേരത്തെ പാകമായി കഴിഞ്ഞു. അതിരപ്പിള്ളി റോഡിന്റെ ഇരുഭാഗത്തും ഇവയുടെ വില്‍പ്പനയുമായി കച്ചവടക്കാര്‍ നിരന്നു. വില കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെ. കിലോയ്ക്ക് 200 രൂപ നിരക്കില്‍ മങ്കോസ്റ്റിനും വിറ്റഴിയുന്നു. എന്നാല്‍, ആവശ്യക്കേറെയുള്ളത് റംബൂട്ടാനാണ്. കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ചുവന്നുതുടത്ത കുല വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.

റംബൂട്ടാന്റെ ഈറ്റില്ലം

കേരളത്തിലെ റംബൂട്ടാന്‍ കൃഷിയുടെ ഈറ്റിമാണ് പരിയാരം പഞ്ചായത്ത്. ഇവിടെ സാധാരണക്കാരും സ്വന്തം ആവശ്യത്തിന് ഇവ നട്ടുവളര്‍ത്തുന്നുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് പരിയാരത്ത് തുടക്കമിട്ട റംബൂട്ടാന്‍ കൃഷി മേലൂര്‍, കോടശേരി പഞ്ചായത്തുകളിലും വ്യാപിച്ചു. മറ്റു പഞ്ചാത്തുകളും ഇതില്‍ ആകൃഷ്ടരായി. അങ്ങനെ ചാലക്കുടി റംബൂട്ടാന്റെ നാടായി മാറി. ഇവയുടെ തൈകള്‍ വില്‍ക്കുന്ന നഴ്സറികളും ഇവിടെ ധാരാളമാണ്.

പക്ഷികളും ഫംഗസും ഭീഷണി

മേയ് മാസത്തില്‍ വിളവെടുത്ത് തുടങ്ങുന്ന റംബൂട്ടാന്‍ മരങ്ങള്‍ക്ക് വവ്വാലുകളാണ് പൊതുശത്രു. രാത്രിയില്‍ പറന്നെത്തുന്ന ഇവ ഓരോ ദിവസവും നൂറുകണക്കിന് പഴങ്ങള്‍ റാഞ്ചും. മറ്റുപക്ഷികളും വെല്ലുവിളി ഉയര്‍ത്തും. മരത്തിനെ നൈലോണ്‍ വലകൊണ്ട് മൂടിയാണ് കര്‍ഷകര്‍ ഇവയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. അണ്ണാനും റംബൂട്ടാന്‍ തോട്ടങ്ങളിലെ നിത്യസന്ദര്‍ശകരാണ്. പുതിയ തരം ഫംഗസും റംബൂട്ടാന് വെല്ലുവിളായിട്ടുണ്ട്. പുറന്തോടില്‍ കറുപ്പ് നിറം കാണുന്നതാണ് തുടക്കം. പിന്നീട് അകക്കാമ്പിനെ ശോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷി ഏറെ പ്രിയമാണ്. പൊതുവിപണിയോ വരുമാനമോ പ്രതീക്ഷിക്കുന്നില്ല. സ്വന്തം ആവശ്യത്തിന് മാത്രമായാണ് റംബൂട്ടാന്‍ വളര്‍ത്തുന്നത്. - അയ്യംകുളം സത്യദാസ്, ശാന്തിപുരം, മേലൂര്‍