ഒട്ടകത്തിന്റെ തലയും പാമ്പിന്റെ ശരീരവും; തടാകത്തിലെ നിഡൂഢ ജീവിയായ നെസിയെ വീണ്ടും കണ്ടതായി റിപ്പോർട്ട്
സ്കോട്ട്‌ലൻഡിലെ ലോക് നെസ് തടാകത്തിൽ ജീവിക്കുന്നതെന്ന് പറയപ്പെടുന്ന നിഡൂഢ ജീവിയായ ലോക് നെസ് മോൺസ്റ്റർ അഥവാ നെസിയുടേത് എന്ന തരത്തിൽ വീണ്ടും ചിത്രം പ്രചരിക്കുന്നു. വെള്ളത്തിനടിയിലൂടെ കറുത്ത നിറത്തിലെ എന്തോ ഒന്ന് പൊങ്ങി മറയുന്നതാണ് തടാകം നിരീക്ഷിക്കാനെത്തിയ ഒരാളുടെ ക്യാമറയിൽ പതിഞ്ഞത്. നെസിയെ കണ്ടെന്നുള്ള ഇക്കൊല്ലത്തെ ആദ്യ റിപ്പോട്ടാണിത്.
ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമുള്ള വിചിത്രജീവിയാണത്രേ നെസി. ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് ഡ്രാഗണുമായും ദിനോസറുമായും സാമ്യമുണ്ടെന്നാണ് കഥകൾ. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ള ലോക് നെസ് തടാകത്തിലെ ഈ ഭീകര ജീവി ഇടയ്ക്ക് തടാകത്തിൽ മുങ്ങി മറയുന്നത് കാണാമെന്നാണ് വിശ്വാസം.
1933 മുതൽ തടാകത്തിൽ നെസിയെ കണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും തെളിയിക്കാനായിട്ടില്ല. നെസിയെന്ന് കരുതുന്ന ജീവി തടാകത്തിലൂടെ നീങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. തടാകത്തിൽ അജ്ഞാത ജീവിയുണ്ടെന്നതിന്റെ ശാസ്ത്രീയ തെളിവുകളും ലഭ്യമല്ല.
നെസിയെ കണ്ടെത്താൻ തടാകത്തിൽ അത്യാധുനിക ബോട്ടുകൾ, ഇൻഫ്രാറെഡ് ക്യാമറകൾ, അണ്ടർവാട്ടർ ഹൈഡ്രോഫോൺ, തെർമൽ സ്‌കാനറുകൾ ഘടിപ്പിച്ച ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ച് വ്യാപക തെരച്ചിൽ നടത്തിട്ടുണ്ട്. 2023ലും വമ്പൻ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നെസിയൊരു കെട്ടുകഥയാണെന്ന് ശാസ്ത്രലോകം ആവർത്തിക്കുന്നു.