8.32 കിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

Tuesday 02 June 2026 12:59 AM IST
ഇനോഷ്

കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിയും വാങ്ങാൻ എത്തിയ മലയാളിയും അറസ്റ്റിലായി. നെട്ടൂർ കണ്ണാടിക്കാട് തട്ടാശേരിയിൽ ഇനോഷ് ജോർജ് (28), ഒഡീഷ ഗഞ്ചം ബദാബദംഗി സ്വദേശി ഭീമാ നായിക് (51) എന്നിവരാണ് 8.32 കിലോ കഞ്ചാവുമായി സിറ്റി ഡാൻസാഫിന്റെ പിടിയിലായത്.

ഒഡീഷയിൽനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ഭീമാനായിക് ഓട്ടോയിലാണ് കഞ്ചാവ് കൈമാറാൻ നെട്ടൂരിലെത്തിയത്. ലഹരിവിതരണസംഘം അറിയിച്ചതുപ്രകാരം ഏറ്റുവാങ്ങാൻ ഇനോഷ് എത്തിയപ്പോഴാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇനോഷ് മുമ്പ് ലഹരിവിതരണത്തിന് പിടിയിലായിട്ടുണ്ട്. സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.