പുത്തൂമ്പികളായി വിദ്യാർത്ഥികൾ, വിദ്യാലയങ്ങൾ ഉണർന്നു

Tuesday 02 June 2026 12:33 AM IST
ജില്ലാതല സ്കൂൾ പ്രവേശനോത്സവം കരുകോൺ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൂത്തുമ്പികളെപ്പോലെ എത്തിയ വിദ്യാർത്ഥികളെ ഉത്സവലഹരിയിൽ വരവേറ്റ് വിദ്യാലയങ്ങൾ. ചിരിച്ചും ചിണുങ്ങിയും ആയിരക്കണക്കിന് ഒന്നാം ക്ലാസുകാരും ഇന്നലെ ആദ്യമായി സ്കൂളിന്റെ പടി ചവിട്ടി. ജില്ലയിലെ എല്ലാ സ്കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രവേശനോത്സവം.

അച്ഛനമ്മമാരുടെ കൈപിടിച്ചാണ് ഒന്നാം ക്ലാസുകാരെല്ലാം സ്കൂളിലേക്ക് എത്തിയത്. അങ്കണവാടിയിലും നഴ്സറിയിലുമൊക്കെ പോയെങ്കിലും സ്കൂൾ മുറ്റവും ക്ലാസ് മുറികളും കണ്ടപ്പോൾ പലർക്കും അമ്പരപ്പായിരുന്നു. ചെന്നപാടെ അദ്ധ്യാപകരും മുതിർന്ന കുട്ടികളും പുക്കളും വർണത്തൊപ്പികളും മിഠായികളുമായെത്തി വരവേറ്റു. പൂക്കളും കുരുത്തോലകളും തോരണങ്ങളും കൊണ്ട് ക്ലാസ് മുറികളും അലങ്കരിച്ചിരുന്നു. ചിലയിടങ്ങളിൽ ചെണ്ടമേളവും ഉണ്ടായിരുന്നു.

ആൾക്കൂട്ടവും ബഹളവുമൊക്കെ കണ്ടപ്പോൾ ചിലരുടെ ചിണുങ്ങൽ കരച്ചിലായി. ടീച്ചറുടെ പാട്ട് കേട്ടപ്പോൾ കരച്ചിൽ മെല്ലെയടങ്ങി. പിന്നെ കൂട്ടപ്പാട്ടും തുള്ളിച്ചാട്ടവുമായി.

അഞ്ചലിൽ ജില്ലാതല പ്രവേശനോത്സവം

അഞ്ചൽ കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.അജയൻ അദ്ധ്യക്ഷനായി. അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ആനന്ദ്, വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെൽസൺ, ഗ്രാമപഞ്ചായത്ത് അംഗം മാഹീൻ കോട്ടുംപുറം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.അംബികാകുമാരി, അനിൽ പൊയ്കവിള, ബി.രതീഷ്, ഡോ. സുലഭ, അഞ്ചൽ ഷാജഹാൻ, പ്രിൻസിപ്പൽ ഡി.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ശ്രീലാൽ സ്വഗതവും എച്ച്.എം ഷൈജു നന്ദിയും പറഞ്ഞു.