മാസങ്ങളായി വേതനമില്ലാതെ തൊഴിലുറപ്പ് മേറ്റുമാർ

Tuesday 02 June 2026 12:34 AM IST

കൊല്ലം: പുതിയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി-ജി റാംജി അടുത്തമാസം നടപ്പാക്കാനിരിക്കെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ചെയ്ത ജോലിക്ക് കൂലി കിട്ടാതെ വലിയൊരു വിഭാഗം മേറ്റുമാർ. മേറ്റുമാരുടെ വേതനം, നിർമ്മാണ സാമഗ്രികൾക്കുള്ള പണം, വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള കൂലി എന്നീ ഇനങ്ങളിൽ 35 കോടി രൂപയാണ് കുടിശ്ശികയുള്ളത്.

തൊഴിലുറപ്പ് തൊഴിലിന് നേതൃത്വം നൽകുന്നത് മേറ്റുമാരാണ്. അർദ്ധവിദഗ്ദ്ധ തൊഴിലാളികളായി കണക്കാക്കുന്ന ഇവർക്ക് 700 രൂപയാണ് ഒരു ദിവസത്തെ വേതനം. ജില്ലയിൽ ആറായിരത്തോളം മേറ്റുമാരാണുള്ളത്. അതിൽ 2500 ഓളം പേർക്കാണ് കഴി‌ഞ്ഞ സാമ്പത്തിക വനർഷത്തെ നാല് മാസത്തെ വരെ വേതനം ലഭിക്കാനുള്ളത്.

കേന്ദ്രം പണം അനുവദിച്ചില്ല

 പണം നൽകേണ്ടത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം  പുതിയ പദ്ധതി വന്നിട്ടേ പണം നൽകൂ  തൊഴിലാളികൾക്കുള്ള കൂലിയും നൽകിയില്ല  ഈ സാമ്പത്തികവർഷം ആറുലക്ഷം തൊഴിൽ ദിനങ്ങൾ മാത്രം  കഴിഞ്ഞ വർഷം ആദ്യ രണ്ടുമാസം 15 ലക്ഷം ദിനങ്ങൾ  ഈ സാമ്പത്തിക വർഷം കൂലി പരിഷ്കരണവും നടന്നില്ല

കൂലി കുടിശ്ശിക

₹ 25 കോടി

മേശന്മാരെ കിട്ടാനില്ല

 വേതനം മാസങ്ങൾ കുടിശികയാകുന്നതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ വിദഗ്ദ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്തിട്ടുള്ള മേശന്മാരെ നിർമ്മാണ പ്രവൃത്തികൾക്ക് ലഭിക്കുന്നില്ല

 മേശന്മാർക്ക് ഇപ്പോൾ 1400 രൂപ വരെ കൂലിയുണ്ട്

 എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ 1150 രൂപ വരെയേ കിട്ടുള്ളു

 അതിനും മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതിനാൽ പലരും ജോലിക്ക് വിളിച്ചാലും എത്താറില്ല

നിർമ്മാണ പ്രവർത്തനങ്ങളും പ്രതിസന്ധിയിൽ

വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള കൂലിയും നിർമ്മാണ സാമഗ്രികൾക്കുള്ള വിലയും വൻതുക കുടിശ്ശികയായതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും പ്രതിസന്ധയിലാണ്. റോഡ് കോൺക്രീറ്റിംഗ്, അങ്കണവാടി, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, അസോള ടാങ്ക്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാറുണ്ട്. റോഡ് കോൺക്രീറ്റിംഗ്, അങ്കണവാടി നിർമ്മാണം എന്നിവയ്ക്കുള്ള സാധനങ്ങൾ പഞ്ചായത്തുകൾ ടെണ്ടർ ചെയ്ത് സ്ഥാപനങ്ങളിൽ നിന്ന് കടം പറഞ്ഞാണ് വാങ്ങാറുള്ളത്. വീട്ടുപറമ്പുകളിൽ നടത്തുന്ന നിർമ്മാണങ്ങൾ വീട്ടുടമസ്ഥരെ കൊണ്ടാണ് വാങ്ങിപ്പിക്കുന്നത്. ഇതും തിരികെ നൽകാനായിട്ടില്ല.

നിർമ്മാണ സാമഗ്രികൾ കടമായി കൊടുത്ത സ്ഥാപനങ്ങളും സ്വന്തം കൈയിൽ നിന്ന് കാശുമുടക്കിയ ജനങ്ങളും കുടിശ്ശിക കിട്ടാനായി നീണ്ട കാത്തിരിപ്പിലാണ്.

തൊഴിലുറപ്പ് മേറ്റുമാർ