മഴയത്ത് മരുത്തടിയിൽ തേങ്ങാ മോഷണം

Tuesday 02 June 2026 12:36 AM IST

കൊല്ലം: കൊല്ലം മരുത്തടിയിൽ മഴയത്ത് തേങ്ങാ മോഷ്ടാക്കളുടെ വിളയാട്ടം. രാത്രികാലങ്ങളിൽ മാത്രമല്ല പകൽ സമയത്തും ഒഴിഞ്ഞ പറമ്പുകളിൽ നിന്ന് ഉടമസ്ഥരെപ്പോലെയെത്തി തേങ്ങ അടർത്തി കടത്തുകയാണ്. ഇതോടെ മരുത്തടിക്കാർക്ക് തേങ്ങ മാത്രമല്ല, ചാക്കുകളും പുറത്തിടാനാകാത്ത അവസ്ഥയാണ്.

ചേപ്പയിൽ, കട്ടയ്ക്കൽ, പൂക്കാട്ടിൽ, ഇഞ്ചവിള, ആമച്ചിറ പ്രദേശങ്ങളിലാണ് തേങ്ങ മോഷണം രൂക്ഷം. ഞായറാഴ്ച തട്ടാൻതറയിലുള്ള വീടിന് പിന്നിൽ കിടന്നിരുന്ന 50 തേങ്ങ മോഷ്ടാക്കൾ കവർന്നു. തൊട്ടടുത്ത വീട്ടിൽ തൊണ്ട് ശേഖരിച്ചുവച്ചിരുന്ന ചാക്ക് അടിച്ചുമാറ്റിയാണ് അയൽവീട്ടിലെ തേങ്ങ നിറച്ച് കടത്തിയത്. ഒഴി‌ഞ്ഞ പറമ്പുകളിൽ നിന്ന് പകൽ മോഷ്ടിക്കുന്നത് പ്രദേശവാസികൾ ചോദ്യം ചെയ്യുമ്പോൾ 'നിങ്ങളുടെ പറമ്പാണോ, ആണേൽ പ്രമാണം കൊണ്ടുവാ' എന്നാണ് മോഷ്ടാക്കളുടെ പ്രതികരണം.

മോഷണം വ്യാപകമായതോടെ വീട്ടുപറമ്പിൽ തെങ്ങുകളുള്ളവരും വീട്ടിലെ ആവശ്യത്തിന് തേങ്ങ വാങ്ങിക്കേണ്ട അവസ്ഥയാണ്. മോഷ്ടിക്കുന്ന തേങ്ങ തൊട്ടടടുത്തുള്ള പ്രദേശങ്ങളിൽ വിറ്റ് കാശാക്കുന്നതാണ് രീതി.

പ്രദേശത്തെ ഒരു വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രങ്ങളും വീട്ടുപകരണങ്ങളും അടുത്തിടെ മോഷണം പോയിരുന്നു. മോഷ്ടാക്കളെ നാട്ടുകാർക്ക് അറിയാമെങ്കിലും ഉപദ്രവിക്കുമെന്ന ഭീതിയിൽ പലരും ചോദ്യം ചെയ്യാൻ ഭയക്കുകയാണ്.

മണൽ വിൽക്കാനെത്തി

തെങ്ങിൽ നോട്ടമിടും

മഴ പെയ്യുമ്പോൾ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ മോഷ്ടാക്കൾ മണൽ വിൽക്കാനെത്തും. മണൽ വീട്ടുമുറ്റത്ത് തട്ടുന്നതിനിടയിൽ പറമ്പിലെ തെങ്ങിലും നോട്ടമിടും. ദിവസങ്ങൾക്കുള്ളിൽ ആ വീട്ടിലെ തെങ്ങ് കാലിയാക്കുന്നതാണ് രീതി. കടപ്പുറത്ത് നിന്ന് നിയമവിരുദ്ധമായി വാരുന്ന മണലാണ് വീടുകളിൽ കൊണ്ടുപോയി വിൽക്കുന്നത്.

തേങ്ങ മോഷ്ടാക്കളെ തളയ്ക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും.

ശ്രീദേവൻ, പ്രസി‌ഡന്റ്

മരുത്തടി ഗുരുദേവ നഗർ

കെ.പുഷ്പരാജൻ, സെക്രട്ടറി