എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി, ഫൗസിയ വിശുദ്ധ മക്കയണഞ്ഞു .
കൊണ്ടോട്ടി : എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാൽ കഴിഞ്ഞ ദിവസം ഹജ്ജ് യാത്ര മുടങ്ങിയ മലപ്പുറം തയ്യാലിങ്ങൽ സ്വദേശി ഫൗസിയ ഒടുവിൽ ആശ്വാസത്തോടെ മക്കയണഞ്ഞു.
ഹജ്ജെന്ന സ്വപ്നവുമായി വർഷങ്ങളുടെ കാത്തിരിപ്പ് .... കൊവിഡും നിയന്ത്രണങ്ങളുമെല്ലാം കഴിഞ്ഞ് ഈ വർഷമാണ് ഫൗസിയക്ക് ബന്ധുക്കളായ മറ്റു രണ്ട് പേർക്കൊപ്പം വിത്തൗട്ട് മെഹ്രം കാറ്റഗറിയിൽ ഹജ്ജ് യാത്രയ്ക്ക് അവസരമെത്തിയത്. കരിപ്പൂരിൽ നിന്നും പതിനഞ്ചിനു പുലർച്ചെ 2.20ന് പുറപ്പെട്ട ആകാശ എയർലൈൻസിന്റെ ക്യൂ. പി 7612 നമ്പർ വിമാനത്തിലായിരുന്നു ഫൗസിയ അടങ്ങുന്ന സംഘത്തിന്റെ യാത്രാ ഷെഡ്യൂൾ.
വിമാനത്താവളത്തിലെ പതിവ് എമിഗ്രേഷൻ നടപടികൾക്കിടയിലാണ് ഇവരുടെ പാസ്പോർട്ട് പുതുക്കിയ വേളയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഫൗസിയക്ക് എമിഗ്രേഷൻ ക്ലിയറൻസ് തടസ്സപ്പെടുന്നത്. സംഘത്തിലുള്ള എല്ലാവർക്കും ബോർഡിങ്ങ് അനുമതി ലഭിച്ചപ്പോഴും ഫൗസിയയുടെ ക്ലിയറൻസ് പൂർത്തിയാക്കാനായില്ല. ഒടുവിൽ യാത്ര തുടരാനുള്ള നിയമപരമായ ബുദ്ധിമുട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഫൗസിയയുടെ കവറിലെ മറ്റു രണ്ട് പേരോട് യാത്ര തുടരാൻ നിർദ്ദേശിച്ചു. ഫൗസിയയുടെ വിഷയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടപെട്ടു. തീർത്ഥാടകയെ ഹജ്ജ് ഹൗസിലേക്ക് മാറ്റുകയും പരിഹാര ശ്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു.
യാത്ര മുടങ്ങിയ വിവരം സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് കമ്മിറ്റി ഒഫ് ഇന്ത്യ മുഖേന ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരം അറിയിച്ചു. ശേഷം പാസ്പോർട്ട് സംബന്ധമായ വിഷയങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ധരിപ്പിക്കുകയും ഇതനുസരിച്ച് പുതിയ പാസ്പോർട്ട് ഉടനെ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഇത് പൂർത്തിയായ മുറയ്ക്ക് തൊട്ടടുത്ത ഹജ്ജ് വിമാനത്തിൽ ടിക്കറ്റ് നിരക്ക് ഈടാക്കാതെ തന്നെ സീറ്റ് ലഭ്യമാക്കുന്നതിന് ഹജ്ജ് കമ്മിറ്റി ഒഫ് ഇന്ത്യ, എയർലൈൻസ് അധികൃതർ എന്നിവരുമായി ബന്ധപ്പെടുകയും 16ന് പുറപ്പെട്ട വിമാനത്തിൽ സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് സെൽ അംഗം പി. കെ മുഹമ്മദ് ഷശഫീഖ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആശങ്കകൾ നിറഞ്ഞ ഏതാനും മണിക്കൂറുകൾക്കൊടുവിൽ ആശ്വാസത്തോടെ മക്കയണയാനായ സന്തോഷത്തിലാണ് ഫൗസിയയും കുടുംബാംഗങ്ങളും. കവറിലെ മറ്റു രണ്ട് പേർ താമസിക്കുന്ന മക്കയിലെ മക്തബ് മുപ്പത്തിയഞ്ചിൽ നേരത്തെ നിശ്ചയിച്ച ബിൽഡിങ്ങിൽ തന്നെയാണ് ഫൗസിയയുടെ താമസവും.