കാലവർഷം; അപകട സാദ്ധ്യത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തും
മലപ്പുറം: ജില്ലയിൽ കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ വകുപ്പുകളും പൂർണ്ണ സജ്ജരായിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അപകട സാദ്ധ്യതയുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ യോഗത്തിൽ തീരുമാനമായി. അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, എ.ഡി.എം സി.എസ്.രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
മരചില്ലകൾ വെട്ടിമാറ്റും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡരികിലെ കാടുകളും പടർന്ന് പന്തലിച്ചു നിൽക്കുന്ന മരച്ചില്ലകളും അടിയന്തരമായി വെട്ടിമാറ്റാൻ മന്ത്രി നിർദേശം നൽകി. ഓടകൾ വൃത്തിയാക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും അപകട ഭീഷണിയുയർത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് മേധാവികൾ സംവിധാനം ഏർപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കൺട്രോൾ റൂമുകൾ സജ്ജമാക്കൽ, താലൂക്ക് തലങ്ങളിലെ ഏകോപനം എന്നിവയും യോഗം വിലയിരുത്തി.