കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധി

Sunday 17 May 2026 1:13 AM IST
paddy

 ഉത്പാദന ചെലവ് വർദ്ധിച്ചു

വാളയാർ: രാസവള വില വർദ്ധനയും അനുബന്ധ ചിലവുകളുടെ ഉയർച്ചയും കാർഷിക മേഖലയിൽ കരിനിഴൽ വീഴ്ത്തുന്നു. നെൽകൃഷി ഇതുവരെ കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 2016 ന് ശേഷം കഴിഞ്ഞ വർഷം വരെ ഓരോ വർഷവും ഉത്പാദന ചെലവിൽ നേരിയ തോതിൽ വർദ്ധന ഉണ്ടായിരുന്നു. ഇത് കർഷകർക്ക് താങ്ങാൻ പറ്റാവുന്നതായിരുന്നു. എന്നാൽ ഇത്തവണ കൃഷിയിറക്കിയാൽ നഷ്ടം വരുമെന്ന നിലയിലേക്ക് ഉത്പാദന ചെലവ് ഉയരുകയാണ്. കർഷകർക്ക് ഇരുട്ടടിയായത് രാസവളം വില കുത്തനെ ഉയർന്നതാണ്. ഡീസൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ അനുബന്ധ ചെലവുകളിലും വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. ഉത്പാദന ചെലവ് 30 ശതമാനത്തോളമാണ് വർദ്ധിച്ചത് എന്നാൽ മൂന്ന് ശതമാനം മാത്രമാണ് നെല്ലിന്റെ വില വർദ്ധിപ്പിച്ചിരിക്കുന്നത്. 2016-17 കാലയളവിൽ ഒരേക്കർ ഭൂമിയിൽ നെൽകൃഷി ചെയ്യാൻ വന്നിരുന്ന ചിലവ് 23075 രൂപയാണ്. 2026-2027 ൽ ഇത് 32000 രൂപയായി ഉയരും. ഫാക്ടം ഫോസ് 50 കിലോഗ്രാം ചാക്കിന് കഴിഞ്ഞ വർഷം 1400 രൂപയായിരുന്നത് ഇപ്പോൾ 2100 രൂപയായി. പൊട്ടാഷിന്റെ വില 1500 രൂപയിൽ നിന്ന് 2100 രൂപയായി.

ഒരേക്കറിൽ കൃഷി ചെയ്യാൻ 2016-17ൽ ചെലവ്. ബ്രാക്കറ്റിൽ 2026-27ൽ പ്രതീക്ഷിക്കുന്ന ചെലവ്

ട്രാക്ടർ 2 മണിക്കൂർ 1600 രൂപ (2200) ഞാറ് പാകിയത് 600 (800) വിത്ത് 30 കിലോഗ്രാം: 900 (1350) വരമ്പ് പണി: 900 (1250) നടീൽ: 5000 (5200) കള പറിക്കൽ (6 തൊഴിലാളികൾ): 1800 (2400) ഫാക്ടം ഫോസ്: 1774 (4200) യൂറിയ: 426 (426 ) മൈക്രോ നൂട്രിയൻസ്: 500 (500) എം.ഒ.പി: 550 (1950) വളം വീശൽ: 900 (1200) മരുന്ന്: 800 (1000) മരുന്നടി കൂലി: 500 (750) പുല്ലുവെട്ടൽ: 250 (275) കളനാശിനി + കൂലി: 750 (1000) കൊയ്ത്ത് യന്ത്രം: 3000 (3600) ട്രാക്ടർ വഴിയുള്ള കടത്തൽ: 800 (1200 ) ചാഴി മരുന്ന്: 300 (600) സ്‌പ്രേ കൂലി: 500 (750) ലോഡിംഗ്: 800 (1000) പലവക: 425 (400) ആകെ: 23075 (32051)