പരിചരണമില്ല, ആളുമില്ല; പറമ്പിക്കുളത്തെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു

Tuesday 02 June 2026 1:44 AM IST
പറമ്പിക്കുളത്തെ ഡാം ഇറിഗേഷന്റെ ക്വാട്ടേഴ്സുകൾ നശിച്ച നിലയിൽ.

മുതലമട: ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള പറമ്പിക്കുളത്തെ ഇറിഗേഷൻ ക്വാർട്ടേഴ്സുകൾ പരിചരണവും ആൾതാമസവും ഇല്ലാത്തതിനാൽ നശിക്കുന്നു. 1961ൽ തമിഴ്നാട് മുഖ്യമന്തിയായിരുന്ന കെ.കാമരാജന്റെ കാലയളവിലാണ് പറമ്പിക്കുളം ഡാം നിർമ്മിച്ചത്. ഡാമിന്റെ നിർമ്മാണ സമയത്താണ് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചത്. പിന്നീട് ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും പകുതിയിലധികവും നശിച്ച നിലയിലാണുള്ളത്. തൊണ്ണൂറോളം ക്വാർട്ടേഴ്സുകളിൽ നിലവിൽ അമ്പതിലധികം ക്വാർട്ടേഴ്സുകളിൽ മാത്രമാണ് ജീവനക്കാരുള്ളത്. പറമ്പിക്കുളം ഡാമിനോട് ചേർന്ന് നാലു നിലകളിലായിട്ടാണ് ക്വാട്ടേഴ്സുകൾ നിലകൊള്ളുന്നത്. ക്വാട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാരിൽ ഭൂരിഭാഗവും തമിഴ്നാട്ടുകാരാണ്. കേരളത്തിലെ മുതലമട പഞ്ചായത്തിലാണ് ഡാമും ക്വാർട്ടേഴ്സുകളും സ്ഥിതി ചെയ്യുന്നതെങ്കിലും അവയുടെ പ്രവർത്തനം നടത്തുന്നത് തമിഴ്നാടാണ്. ക്വാർട്ടേഴ്സുകളിലേക്കു വൈദ്യുതി എത്തുന്നതും തമിഴ്നാട്ടിൽ നിന്നാണ്. കാടുപിടിച്ചു നശിച്ച ക്വാർട്ടേഴ്സുകൾ വന്യജീവികളും ഇഴജന്തുക്കളും താവളമാക്കിയിരിക്കുകയാണ്. രാത്രി ഇവയുടെ ഉപദ്രവം മൂലം പൊറുതി മുട്ടുകയാണ് മറ്റു ക്വാർട്ടേഴ്സുകളിലെ ജീവനക്കാർ. കൂടാതെ ഇലക്‌ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികളും ജനൽ, വാതിൽ തുടങ്ങിയ ഉരുപ്പടികളും മോഷ്ടിക്കപ്പെട്ട നിലയിലാണ്. മിക്ക ക്വാർട്ടേഴ്സിന്റെയും മേൽക്കൂരയും തകർന്നിട്ടുണ്ട്. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ക്വാർട്ടേഴ്സുകളുടെ നാശത്തിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.