കാമ്പിശ്ശേരിൽ എൻ.എൻ.ചന്ദ്രൻ വിടവാങ്ങി ; ആറ് പതിറ്റാണ്ടിന്റെ പത്രജീവിതം

Tuesday 02 June 2026 12:29 AM IST
എൻ.എൻ. ചന്ദ്രൻ (78)

തിരുവല്ല: കേരളകൗമുദിയുടെ ആദ്യകാല ഏജന്റും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാമ്പിശ്ശേരിൽ എൻ.എൻ.ചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

പത്രവിതരണം ഒരു തൊഴിൽ മാത്രമല്ല, ജനങ്ങളുമായുള്ള ആത്മബന്ധമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു ചന്ദ്രൻ. കേരളകൗമുദി പത്രാധിപർ കെ.സുകുമാരനിൽ നിന്ന് 1966ൽ ഏജൻസി ഏറ്റെടുത്ത അദ്ദേഹം, ആറു പതിറ്റാണ്ടിലേറെയായി പത്രവിതരണരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ഇന്നും കുടുംബം ആ പാരമ്പര്യം തുടരുന്നുണ്ട്.

പുലർച്ചെ രണ്ടുമണി കഴിഞ്ഞാൽ സൈക്കിളിൽ തിരുവല്ലയിലെത്തി പത്രക്കെട്ടുകൾ ഏറ്റുവാങ്ങി, കാവുഭാഗം, പൊടിയാടി, നെടുമ്പ്രം, നീരേറ്റുപുറം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിച്ച് വായനക്കാരുടെ പ്രഭാതത്തെ വാർത്തകളാൽ സമ്പന്നമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ. മഴയോ കാറ്റോ പ്രളയമോ തടസമായില്ല. പത്രം കാത്തിരിക്കുന്നവരുടെ പ്രതീക്ഷയാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

പത്രം എത്തിക്കുന്നതിനപ്പുറം, വായനക്കാരുടെ ആവശ്യങ്ങളിലും സുഖ ദുഃഖങ്ങളിലുമെല്ലാം ഒപ്പമുണ്ടായിരുന്ന സ്നേഹനിധിയായിരുന്നു ചന്ദ്രൻ. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു പത്ര ഏജന്റിലുമുപരി, നാട്ടുകാരുടെ വിശ്വസ്ത സുഹൃത്തും കുടുംബാംഗവുമായിരുന്നു.

ഇടതുചിന്തകളെ നെഞ്ചേറ്റിയിരുന്ന അദ്ദേഹം പാർട്ടി വേദികളിൽ സഖാവ് ചന്ദ്രനായും ചന്ദ്രൻ ചേട്ടനായും അറിയപ്പെട്ടു. സാമൂഹിക - രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. സി.പി.എം നെടുമ്പ്രം ലോക്കൽ കമ്മിറ്റി അംഗമായും എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണിശ്വരം ശാഖയുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗമായിരിക്കെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങളുടെ ആദരവും സ്നേഹവും നേടിയെടുത്തു.

തിരുവല്ലയിലെ പത്ര ഏജന്റുമാർക്കിടയിൽ ഒരു കാരണവരായി കണക്കാക്കപ്പെട്ടിരുന്ന എൻ.എൻ.ചന്ദ്രന്റെ വേർപാട് പത്രവിതരണ മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. ഓരോ പുലരിയിലും വാർത്തകളുമായി വീട്ടുമുറ്റങ്ങളിലെത്തിയ ആ സൈക്കിൾചക്രങ്ങൾ നിശ്ചലമായെങ്കിലും, അദ്ദേഹത്തിന്റെ ആത്മാർത്ഥ സേവനവും മനുഷ്യസ്നേഹവും വായനക്കാരുടെ ഹൃദയങ്ങളിൽ എന്നും ജീവിച്ചിരിക്കും. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ പേറിക്കൊണ്ട്, പത്രത്തിന്റെ മഷിമണവുമായി ചേർന്ന ഒരു ജീവിതം കൂടി വിടപറയുകയാണ്.