അക്ഷരമുറ്റത്ത് കുരുന്നുകൾ, ഒരുമയോടെ ഒന്നാംക്ളാസിൽ
ആറൻമുള : വർണത്തോരണങ്ങൾ കാറ്റിൽ ഇളകിയ സ്കൂൾ മുറ്റത്തേക്ക് രക്ഷിതാക്കളുടെ കൈകളിൽ പിടിച്ച് എത്തിയ കുരുന്നുകൾക്ക് മുന്നിൽ അക്ഷരങ്ങളുടെ വർണ പ്രപഞ്ചം. വഞ്ചിപ്പാട്ടിന്റെ ഇൗണവും താളവും ചേർന്നപ്പോൾ ആറൻമുള ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉത്സവാന്തരീക്ഷം. വർണത്തൊപ്പികൾ നൽകി കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് സ്വീകരിച്ചു. ജില്ലാതല പ്രവേശനോത്സവ വേദിയായ സ്‌കൂളിൽ കണ്ണുകളിൽ അത്ഭുതം നിറഞ്ഞും പരിഭ്രമത്തോടെ എത്തിയ കുഞ്ഞുങ്ങൾക്ക് മധുരവും സമ്മാനപ്പൊതികളും കിട്ടിയപ്പോൾ ചിരി വിടർന്നു. ഒന്നാം ക്ളാസിലേക്ക് പിച്ചവച്ച കുരുന്നുകളിൽ ചിലർ രക്ഷിതാക്കളുടെ കൈവിട്ടപ്പോൾ അലറിക്കരഞ്ഞു. വിസ്മയലോകത്തെ കാഴ്ചകൾ കണ്ട് ചിലരുടെ കണ്ണുകൾ നാലുപാടും പാഞ്ഞു.
പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച സമ്മേളനം അഡ്വ.അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്‌ക്കർ, മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് ശിവൻ, സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജെക്ട് കോർഡിനേറ്റർ റെനി ആന്റണി, ഡി.ഇ.ഒ അമ്പിളി ഭാസ്‌കർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ മനു മാത്യു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.സുജമോൾ.എസ്, ഡോ.അഞ്ജു, ഡയറ്റ് ഫാക്കൽട്ടി നിമ്മി, കോഴഞ്ചേരി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ദീപു കൃഷ്ണ, പ്രിൻസിപ്പൽ ഇന്ദു, പ്രഥമ അദ്ധ്യാപിക ഗീത, പി.ടി.എ പ്രസിഡന്റ് വിനോദ് ബാബു, എസ്.എം.സി ചെയർമാൻ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.