ഓഹരി വിപണിയിൽ മുന്നേറ്റ പ്രതീക്ഷയോടെ നിക്ഷേപകർ
വിലക്കയറ്റവും പലിശയും നിർണായകം
കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളും റിസർവ് ബാങ്കിന്റെ പലിശ തീരുമാനവും സാമ്പത്തിക വളർച്ച കണക്കുകളും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയുടെ ദിശ നിശ്ചയിക്കും. അമേരിക്കയും ഇറാനുമായി ദീർഘകാല സമാധാന കരാറുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. കരാറിന് അന്തിമ രൂപമായെന്ന വാർത്തകളെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 92 ഡോളറിലേക്ക് താഴ്ന്നിരുന്നു. നാണയപ്പെരുപ്പ ഭീഷണി കുറയുന്നതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ആവേശമാകുന്നത്.
എണ്ണ വില താഴ്ന്നതോടെ യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവയുടെ മൂല്യം കുറഞ്ഞു. ഇതോടെ വൻകിട ഫണ്ടുകൾ സ്വർണം, ഓഹരി, ക്രിപ്‌റ്റോ എന്നിവയിലേക്ക് പണമൊഴുക്കാൻ സാദ്ധ്യതയേറി. നാണയപ്പെരുപ്പം കുറഞ്ഞാൽ ഫെഡറൽ റിസർവ് അടക്കമുള്ള വിവിധ കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധന തീരുമാനം നീട്ടിവെച്ചേക്കും. ജൂൺ ഏഴിന് പുറത്തുവരുന്ന ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദന(ജി.ഡി.പി) കണക്കുകളും നിക്ഷേപകർ കരുതേലാടെ കാത്തിരിക്കുന്നു. മേയിലെ വാഹന വിൽപ്പന കണക്കുകൾ ഇന്ന് പുറത്ത് വരുന്നതും വിപണിയെ സ്വാധീനിക്കും. കഴിഞ്ഞ വാരം സെൻസെക്സ് 639.61 പോയിന്റും നിഫ്‌റ്റി 171.55 പോയിന്റും നഷ്‌ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇത്തവണ പലിശ കൂട്ടിയേക്കില്ല
നാണയപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഇത്തവണ കൂട്ടിയേക്കില്ല. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് അടിസ്ഥാനമെന്നതിനാൽ തിരക്കിട്ട് തീരുമാനം വേണ്ടയെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന നയ രൂപീകരണ യോഗം ഇന്ന് മുതൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ നടക്കും. ജൂൺ മൂന്നിന് നയം പ്രഖ്യാപിക്കും. ആഗസ്തിലെ നയ പ്രഖ്യാപനത്തിൽ റിപ്പോ കാൽ ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രവചനം.
നിക്ഷേപകർ കാതോർക്കുന്നത്
1. ഇറാനും അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ പുരോഗതി
2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങൾ
3. ഓഹരി വിപണിയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം
4. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച
പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച
6.5 ശതമാനം മുതൽ 6.9 ശതമാനം വരെ