എം.ജി മജസ്റ്റർ ഇന്ത്യൻ വിപണിയിലെത്തുന്നു
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് എസ്.യു.വിയായ മജസ്റ്റർ എം.ജി മോട്ടോർ ഇന്ത്യ പുറത്തിറക്കി. കൂടുതൽ പ്രീമിയം അനുഭവവും പ്രകടനവും കാഴ്ചവയ്‌ക്കുന്ന വാഹനത്തിന് 40.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 4-4 പതിപ്പിന്റെ എക്സ്ഷോറൂം വില 44.99 ലക്ഷം രൂപയാണ്.
2.0 ലിറ്റർ നാലു സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് മജസ്റ്ററിന് കരുത്തേകുന്നത്. 215.5 എച്ച്.പി പവറും 478.5 എൻ.എം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെ മജസ്റ്ററിന്റെ കരുത്ത് വർദ്ധിപ്പിക്കും. ഓഫ് റോഡ് യാത്രകൾ കാര്യക്ഷമമാക്കുന്നതിനായി മൂന്ന് ഡിഫറൻഷ്യൽ ലോക്കുമുണ്ട്. പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ് എന്നീ കളറുകളിൽ മജസ്റ്റർ ലഭിക്കും.
ആകർഷകമായ സൗകര്യങ്ങൾ
ലെവൽ 2 അഡാസ് സുരക്ഷയാണ് വാഹനമൊരുക്കുന്നത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവ അകത്ത് ഒരുക്കിയിട്ടുണ്ട്.